ചടയമംഗലം: കർഷകരും വ്യാപാരികളും അവരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കൊണ്ടുവന്നിരുന്ന ഒരു സ്ഥലമായിരുന്നു ചടയമംഗലത്തെ മാർക്കറ്റ്. ഈ മാർക്കറ്റ് കൊറോണയ്ക്ക് ശേഷം അടച്ചതോടെ പൊതുജനങ്ങളും വ്യാപാരികളും പ്രതിസന്ധിയിലായി. മത്സ്യവ്യാപാരത്തിനായി ലക്ഷങ്ങൾ ചെലവിട്ടുകൊണ്ട് പഞ്ചായത്ത് നിർമ്മിച്ച ഷെഡുകളും ഇന്ന് നാശത്തിന്റെ വക്കിലാണ്.
ചന്ത നിർത്തലാക്കിയതോടുകൂടി മാർക്കറ്റിനകത്ത് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കടമുറികൾ വ്യാപാരികൾ ഉപേക്ഷിച്ചു പോയത് മൂലം പഞ്ചായത്തിന് വരുമാന നഷ്ടവും ഉണ്ടായി. മാർക്കറ്റ് പുനരാരംഭിക്കണം എന്ന ആവശ്യം ശക്തമായതോടെ പഞ്ചായത്ത് അതിൽ ഇടപെടുകയുംവഴിയോര കച്ചവടക്കാരെയും മറ്റ് വ്യാപാരികളെയും മാർക്കറ്റിലേക്ക് കൊണ്ടുവന്ന് മാർക്കറ്റ് പുനരാരംഭിക്കും എന്ന് നിരവധി തവണ അധികൃതർ ഉറപ്പ് നൽകിയെങ്കിലും നടപ്പായിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. ഇതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർക്കറ്റിന് മുന്നിൽ റീത്ത് വെച്ച് പ്രതിഷേധിച്ചത്.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിഷ്ണു.ആർ.കൃഷ്ണൻ, ശരത്.റ്റി.എസ്, മഹേഷ് കുമാർ.എം, സജീർ തുടങ്ങിയവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി. മാർക്കറ്റ് പുനരാരംഭിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും കോൺഗ്രസ് നേതാക്കളായ എ.ആർ റിയാസ്, ബിജുകുമാർ, സതീശൻ കുരിയോട് തുടങ്ങിയവർ അറിയിച്ചു.
No comments:
Post a Comment