വിഴിഞ്ഞം: ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിൻറെ സ്വപ്നദൗത്യം നിറവേറുമ്പോൾ പാലക്കാട് വാണിയംകുളം സ്വദേശിയായ പ്രജീഷിന്റെ കുടുംബം ഇരട്ടി സന്തോഷത്തിലാണ്. ലോകശ്രദ്ധ നേടി വിഴിഞ്ഞം തീരംതൊട്ട ആദ്യത്തെ കപ്പലിൽ ജീവനക്കാരനായി തന്റെ മകൻ ഉണ്ടെന്ന അഭിമാനം പങ്കിടുകയാണ് പ്രജീഷിന്റെ രക്ഷിതാക്കൾ.
ജൂലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട മെസ്‌കിന്‍റെ സാൻ ഫെർണാണ്ടോ മദർഷിപ്പ് വ്യാഴാഴ്ച രാവിലെ ഏഴേകാലോടെയാണ് വിഴിഞ്ഞം തുറമുഖത്തിന്‍റെ ഔട്ടർ ഏരിയയിലെത്തിയത്.
38 വയസ്സുകാരനായ പ്രജീഷ് പത്തു വർഷങ്ങൾക്കു മുൻപാണ് കപ്പലിലെ ജോലിയിൽ പ്രവേശിച്ചത്.പ്രജീഷടക്കം അഞ്ച് ഇന്ത്യക്കാരും പതിനേഴ് വിദേശികളും ഉൾപ്പെടെ ഇരുപത്തി രണ്ട് ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.കേരളത്തിൻറെ ചരിത്ര ദൗത്യത്തിന് തുടക്കം കുറിക്കുന്ന മുഹൂർത്തത്തിൽ തന്റെ മകനും പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ടെന്ന് പ്രജീഷിന്റെ രക്ഷിതാക്കൾ പറഞ്ഞു
വാണിയംകുളം അങ്ങാടിയിൽ അജീഷ് നിവാസിൽ ഗോവിന്ദരാജിന്റെയും ശശി പ്രഭയുടെയും മകനായ പ്രജീഷ് പോളിടെക്നിക്ക് പഠനത്തിനുശേഷം മറൈൻ ഷിപ്പ് കോഴ്സ് ചെയ്യാൻ താല്പര്യം പ്രകടിപ്പിച്ചപ്പോഴാണ് കുടുംബം പഠനത്തിനുള്ള സൗകര്യമൊരുക്കിയത്.ജോലിയിൽ പ്രവേശിച്ച ശേഷം മൂന്ന് കമ്പനികൾക്കു കീഴിൽ ജീവനക്കാരനായി.
ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിലെ ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ചിട്ട് ഒരു വർഷം തികയുന്നതിന് മുൻപാണ് ഈ അപൂർവ നിമിഷത്തിന്റെ ഭാഗമാകാൻ പ്രജീഷിന് കഴിഞ്ഞതെന്നും രക്ഷിതാക്കൾ പറഞ്ഞു.ഭാര്യ ശരണ്യയും മകൻ വിഹാനുമടങ്ങുന്ന പ്രജീഷിന്റെ കുടുംബം ഈ ആഹ്ലാദ നിമിഷം പങ്കിടുകയാണ്
No comments:
Post a Comment