പുനലൂർ: ആര്യങ്കാവ് വനം റേഞ്ചിലെ കടമാൻപാറ സ്വാഭാവിക ചന്ദനത്തോട്ടത്തിൽനിന്ന് മരം കൊള്ളയടിച്ചതിന്റെ അന്വേഷണാർത്ഥം ജെന്നിയും ജൂലിയും എത്തി. ചന്ദനം കൊള്ളക്കാരെ കണ്ടെത്തുന്നതിൽ പ്രത്യേക പരിശീലനം കിട്ടിയ വനംവകുപ്പിന്റെ ഡോഗ് സ്ക്വാഡിൽപെട്ടതാണ് ഈ നായ്ക്കൾ. പെരിയാർ ടൈഗർ റിസർവിന്റെ സംരക്ഷണയിലുള്ള നായ്ക്കൾ ചൊവ്വാഴ്ച രാവിലെ 11ഓടെ കടമാൻപാറയിലെത്തി.
മുറിച്ചുകടത്തിയ ചന്ദനത്തിന്റെ ഭാഗങ്ങളിൽ നിരീക്ഷണം നടത്തി. കൊള്ളക്കാർ നടന്നുപോയതായി സംശയിക്കുന്ന തമിഴ്നാട് ഭാഗത്തേക്കുള്ള വനത്തിലെ ഊടുവഴികളും പരിശോധിച്ചു. അന്വേഷണഭാഗമായി ഒരാഴ്ച കടമാൻപാറയിൽ ജന്നിയും ജൂലിയുമുണ്ടാകും.
കഴിഞ്ഞ രാത്രിയിൽ അഞ്ച് മരങ്ങളാണ് മോഷണം പോയത്. 45 മുതൽ 55 സെന്റീമീറ്റർ വരെ ചുറ്റളവിലുള്ളതാണ് മരങ്ങൾ. ഇവയുടെ ചെറിയ ചില്ലകൾ ഒഴികെ ബാക്കിയുള്ളതെല്ലാം കടത്തി. കൂടാതെ കഴിഞ്ഞയാഴ്ചയിൽ ഒരു ചന്ദനവും നീരിക്ഷണ കാമറയും മോഷണം പോയിരുന്നു.
കേസ് അന്വേഷണാർത്ഥം തെന്മല ഡി.എഫ്.ഒ എ. ഷാനവാസി ന്റെ മേൽനോട്ടത്തിൽ ആര്യാങ്കാവ് റേഞ്ച് ഓഫിസർ എസ്. സനോജിന്റെ നേതൃത്വത്തിൽ പല സംഘങ്ങൾ രൂപവത്കരിച്ച് ചെങ്കോട്ട, തെങ്കാശി, പുളിയറ ഭാഗങ്ങളിലെത്തിയിരുന്നു. ഇവിടങ്ങളിലുള്ള ചന്ദനം കൊള്ളക്കാർ, ചന്ദന കച്ചവടക്കാർ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
കൊള്ളക്കാരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി ആര്യങ്കാവ് റേഞ്ച് ഓഫിസർ പറഞ്ഞു. കൂടാതെ വനം വകുപ്പ് ഫ്ലെയിങ് സ്ക്വാഡും അന്വേഷണം നടത്തുന്നുണ്ട്. കടമാൻപാറയിൽ ചന്ദനത്തിന്റെ സുരക്ഷിതം ശക്തമാക്കാൻ കൂടുതൽ സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
No comments:
Post a Comment