Breaking

Friday, 8 March 2024

കാറിൽ പിന്തുടർന്ന് സ്വകാര്യ ബസ് ഉടമയെ വധിക്കാൻ ശ്രമിച്ച 2 പേർ പിടിയിൽ


ആലപ്പുഴ
: സ്വകാര്യ ബസ് ഉടമയെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന സ്വകാര്യ ബസ് ഉടമയെ കാറിൽ പിൻതുടർന്ന് ഇടിപ്പിച്ച് വീഴ്ത്തിയശേഷം വധിക്കാൻ ശ്രമിച്ച കേസിലാണ് രണ്ടുപേർ അറസ്റ്റിലായത്. കേസിലെ മറ്റ് രണ്ടുപ്രതികൾ ഒളിവിലാണ്. ആലപ്പുഴ ജില്ലാക്കോടതി വാർഡ് തറയിൽ പറമ്പിൽ ഹരികൃഷ്ണൻ (26), ബീച്ച് വാർഡ് നെടുംപറമ്പിൽ ഷിജു (ഉണ്ണി 26) എന്നിവരാണ് അറസ്റ്റിലായത്. 


കഴിഞ്ഞ 16-ന് തമ്പകച്ചുവട് ജംഗ്ഷന് കിഴക്കുഭാഗത്തെ റോഡിലായിരുന്നു ആക്രമണം. തമ്പകച്ചുവട് സ്വദേശിയും മണ്ണഞ്ചേരി - കടപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന ഹുബ്ബു റസൂൽ ബസ്സിന്റെ ഉടമയുമായ സനൽ സലീമിനെ (40) യാണ് സംഘം ആക്രമിച്ചത്. മുൻ വൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണം നടത്തിയതെന്ന് പ്രതികൾ പൊലീസിനോടു കുറ്റസമ്മതം നടത്തിയിട്ടുണ്ട്. 


ബസ് സർവീസ് പൂർത്തിയാക്കിയശേഷം സനൽ തമ്പകച്ചുവട്ടിൽനിന്നു വീട്ടിലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ കാറിൽ പിന്തുടർന്ന സംഘം സ്കൂട്ടറിൽ കാറിടിപ്പിച്ച് വീഴ്ത്തിയശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സനലിന്റെ കൈവശം ഉണ്ടായിരുന്ന മൊബൈൽഫോൺ തകർത്തശേഷം ബസ് ഉടമയുടെ കൈവശമുണ്ടായിരുന്ന പണവും സംഘം അപഹരിച്ചു. കേസിലെ മുഖ്യ രണ്ടുപ്രതികൾ ഒളിവിലാണെന്നും ആക്രമണസമയത്ത് ഇവർ ഉപയോഗിച്ചിരുന്ന കാർ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും എസ്. എച്ച്. ഒ. ബേസിൽ തോമസ് വിശദമാക്കി. 

No comments:

Post a Comment