Wednesday, 20 December 2023

ബിയർ കൊടുക്കാത്തതിന്‍റെ പേരിലെ സംഘർഷം; മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ച കേസില്‍ രണ്ട് പേർ പിടികൂടി


കൊച്ചി
: എറണാകുളം പറവൂരില്‍ ബിയർ കൊടുക്കാത്തതിന്‍റെ പേരില്‍ ബാറില്‍ വെച്ച് മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ച കേസില്‍ രണ്ട് പേരെ പൊലീസ് പിടികൂടി. വടക്കൻ പറവൂർ സ്വദേശികളായ നിക്സൻ, സനൂപ് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയിൽ പറവൂർ ടൗണിലെ ജയ ബാറിൽ വെച്ചാണ് മൂന്ന് യുവാക്കളെ പ്രതികള്‍ കുത്തി പരിക്കേല്‍പ്പിച്ചത്. 


കുടിച്ച് കൊണ്ടിരുന്ന ബിയർ പ്രതികൾ ആവശ്യപ്പെട്ടതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ബിയർ നൽകില്ലെന്ന് പറഞ്ഞതോടെ പ്രതികൾ മൂവരെയും മർദ്ദിക്കുകയായിരുന്നു. യുവാക്കള്‍ ചെറുത്ത് നിന്നതോടെ പ്രതികൾ കൈവശം കരുതിയ കത്തി ഉപയോഗിച്ച് മൂവരെയും കുത്തി.  കുത്തേറ്റവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പറവൂർ - മുനമ്പം പൊലീസ് സ്റ്റേഷനുകളിൽ ലഹരിമരുന്ന് ഉൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതികളാണ് നിക്സനും സനൂപുമെന്ന് പൊലീസ് പറഞ്ഞു.

No comments:

Post a Comment