Breaking

Friday, 22 September 2023

മുഹമ്മദ് ഷമി എറിഞ്ഞിട്ടു! ഓസീസിനെതിരെ ആദ്യ ഏകദിനത്തില്‍ അനായാസം ഇന്ത്യ


മൊഹാലി
: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ ജയം. മൊഹാലിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നിശ്ചിത ഓറവില്‍ 276ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് ഓസീസിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 48.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. റുതുരാജ് ഗെയ്കവാദ് (71), ശുഭ്മാന്‍ ഗില്‍ (74), കെ എല്‍ രാഹുല്‍ (58), സൂര്യകുമാര്‍ യാദവ് (50) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.


277 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഗെയ്കവാദ് - ഗില്‍ സഖ്യം 142 റണ്‍സ് കൂട്ടിചേര്‍ത്തു. 22-ാം ഓവറിലാണ് ഓസീസിന് ബ്രേക്ക് ത്രൂ ലഭിക്കുന്നത്. ഗെയ്കവാദിനെ ആഡം സാംപ വിക്കറ്റിന് മുന്നില്‍ കുടുക്കി. രോഹിത് ശര്‍മയ്ക്ക് പകരം ടീമിലെത്തിയ ഗെയ്കവാദ് അവസരം ശരിക്കും മുതലെടുത്തു. 77 പന്തില്‍ 10 ഫോര്‍ ഉള്‍പ്പെടുന്നതായിരുന്നു ഗെയ്കവാദിന്റെ ഇന്നിംഗ്‌സ്. 


പിന്നീടെത്തിയ ശ്രേയസ് അയ്യരും (3), ഇഷാന്‍ കിഷനും (18) പെട്ടന്ന് മടങ്ങി. ഇതിനിടെ ഗില്‍, സാംപയ്ക്കും വിക്കറ്റ് നല്‍കി. ശ്രേയസ് റണ്ണൗട്ടാവുകയായിരുന്നു. പരിക്കിന് ശേഷം ടീമിലെത്തിയ ശ്രേയസിന് നിര്‍ഭാഗ്യം തുണയായി. ഗില്‍, സാംപയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്‌സ്. കിഷന്‍ ഓസീസ് ക്യാപ്റ്റന്‍ കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇന്‍ഗ്ലിസിന് ക്യാച്ച് നല്‍കി. എന്നാല്‍ രാഹുല്‍ - സൂര്യ സഖ്യം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇരുവരും 80 റണ്‍സ് കൂട്ടിചേര്‍ത്തു. ഏകദിനത്തിന് ചേര്‍ന്ന ബാറ്റിംഗ് ശൈലിയല്ല വിമര്‍ശനങ്ങള്‍ക്ക് ചെറിയ രീതിയില്‍ മറുപടി നല്‍കാനും സൂര്യക്ക് സാധിച്ചു. 49 പന്തുകള്‍ നേരിട്ട സൂര്യ ഒരു സിക്‌സും അഞ്ച് ഫോറും നേടി. നങ്കൂരമിട്ട കളിച്ച രാഹുല്‍ 63 പന്തുകള്‍ നേരിട്ടു. നാല് ഫോറും ഒരു സിക്സും ഇന്നിംഗ്‌സിലുണ്ടായിരുന്നു. രവീന്ദ്ര ജഡേജ (3) രാഹുലിനൊപ്പം പുറത്താവതെ നിന്നു.


മോശം തുടക്കമായിരുന്നു ഓസീസിന്. നാലാം പന്തില്‍ തന്നെ മിച്ചല്‍ മാര്‍ഷിനെ (4) മുഹമ്മദ് ഷമി സ്ലിപ്പില്‍ ശുഭ്മാന്‍ ഗില്ലിന്റെ കൈകളിലെത്തിച്ചു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ വാര്‍ണര്‍ - സ്മിത്ത് സഖ്യം 94 റണ്‍സ് കൂട്ടിചേര്‍ത്തു. വാര്‍ണറെ 15 റണ്‍സില്‍  പുറത്താക്കാനുള്ള അവസരമുണ്ടായിരുന്നെങ്കിലും ശ്രേയസ് അയ്യര്‍ക്ക് മുതലാക്കാനായില്ല. പിന്നീട് രവീന്ദ്ര ജഡേജയുടെ പന്തില്‍ വാര്‍ണര്‍ മടങ്ങി. വൈകാതെ സ്മിത്തിനെ ഷമി ബൗള്‍ഡാക്കി. ഇതോടെ മൂന്നിന് 112 റണ്‍സെന്ന നിലയിലായി ഓസീസ്. 


പിന്നീട് വന്നവരെല്ലാം ചെറിയ സംഭാവനകള്‍ നല്‍കി. മര്‍നസ് ലബുഷെയ്ന്‍ (39), കാമറൂണ്‍ ഗ്രീന്‍ (31), മാര്‍കസ് സ്റ്റോയിനിസ് (29)  എന്നിവരുടെ കരുത്തിലാണ് ഓസീസ് 250 കടന്നത്. ഇതിനിടെ സ്റ്റോയിനിസ്, മാത്യൂ ഷോര്‍ട്ട് (2), സീന്‍ അബോട്ട് (2) എന്നിവരെ കൂടി പുറത്താക്കി ഷമി അഞ്ച് വിക്കറ്റ് പൂര്‍ത്തിയാക്കി. പാറ്റ് കമ്മിന്‍സ് (21) പുറത്താവാതെ നിന്നു. ആഡം സാംപ (2) അവസാന പന്തില്‍ റണ്ണൌട്ടായി. വിരാട് കോലി, രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. രോഹിത്തിന് പകരം രാഹുലാണ് ടീമിനെ നയിച്ചത്.

No comments:

Post a Comment