മരുമകനെ സംശയമില്ല’: അരുണിനെ ഫോണിൽ വിളിച്ചു, പുറത്തുപോയ തക്കംനോക്കി ആശുപത്രിയിലെത്തി
തിരുവല്ലയില്‍ പ്രസവിച്ചുകിടന്ന യുവതിയെ കാലി സിറിഞ്ച് കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അനുഷ ബിഫാം വിദ്യാര്‍ഥിനി. കുറ്റകൃത്യം നടപ്പാക്കിയത് ആസൂത്രിതമായെന്ന് പൊലീസ്. സ്നേഹയെ പ്രതി മൂന്നുതവണ കുത്തിവയ്ക്കാന്‍ ശ്രമിച്ചു. ഞരമ്പിലൂടെ വായു കടത്തിവിട്ടാൽ മരണം സംഭവിക്കാമെന്നു തെറ്റിദ്ധരിച്ചാണ് കാലിയായ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കാൻ ശ്രമിച്ചതെന്നു കരുതുന്നതായി പൊലീസ് പറയുന്നു.
ആശുപത്രിയിലെത്തിയത് നഴ്സിന്‍റെ കോട്ടും സിറിഞ്ചും കൈയില്‍ കരുതിയാണ്. സിറിഞ്ച് വാങ്ങിയത് മാവേലിക്കരയില്‍നിന്നാണ്. കോട്ട് കായംകുളത്തുനിന്നും. അതേസമയം സ്നേഹയുടെ ഭര്‍ത്താവ് അരുണിനെ സംശയമില്ലെന്ന് അച്ഛന്‍ സുരേഷ് പറഞ്ഞു.
‘ഇവിടുത്തെ സ്റ്റാഫ് അല്ലെന്ന് ആദ്യമേ മനസിലായി. പെട്ടെന്ന് തന്നെ പൊലീസുമായി ബന്ധപ്പെട്ടു. അവർ വന്നാണ് അനുഷയെ കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മരുമകനെ സംശയമില്ല. അനുഷ മരുമകൻ അരുണിന്റെ സഹപാഠിയാണെന്നു മാത്രം അറിയാം. അരുണിനെ വിളിച്ച് എവിടെയുണ്ടെന്നു ചോദിച്ചിരുന്നു. കുഞ്ഞിനേയും അമ്മയേയും ഒന്നു കാണണമല്ലോ എന്നു ഫോണിലൂടെ പറഞ്ഞു. അതിനെന്താ കാണാമല്ലോ എന്ന് അരുണും മറുപടി പറഞ്ഞു. പരിചയമുള്ളതിന്റെ പേരിലാണ് കാണാൻ അനുവാദം നൽകിയത്.
എന്റെ ബലമായ സംശയം ആ കൊച്ച് ഇവിടെ ആശുപത്രിയിൽ വന്ന് നിന്നിട്ടുണ്ട്. അരുൺ പുറത്തു പോയ സമയം നോക്കിയാണ് അകത്തു കയറുന്നത്. മരുമകനെ തരിമ്പുപോലും സംശയമില്ല. നല്ല പയ്യനാണ്. അനുഷയെ എനിക്ക് അറിയില്ല. അനുഷയുടെ രണ്ടാമത്തെ വിവാഹത്തിന് അരുണിനെ ക്ഷണിച്ചിരുന്നു. സ്നേഹയ്ക്ക് ഒപ്പം തന്നെയാണ് അരുൺ അനുഷയുടെ വിവാഹത്തിനു പോയത്. തട്ടമിട്ടതിനാലാണു മനസ്സിലാകാതെ പോയത്. ഒരിക്കൽ അനുഷയുടെ വിവാഹത്തിനു കണ്ട പരിചയം മാത്രമാണ് സ്നേഹയ്ക്കുള്ളത്. വിവാഹത്തിനു പങ്കെടുത്തെന്നു മാത്രമേയുള്ളൂ. പെട്ടെന്ന് ആളെ മനസ്സിലായില്ല. തട്ടമിടുകയും മാസ്ക് വയ്ക്കുകയും ചെയ്തിരുന്നു.’– സ്നേഹയുടെ അച്ഛൻ സുരേഷ് പറയുന്നു.
പരുമലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കായംകുളം സ്വദേശി അനുഷ (25) ആണ് പുളിക്കീഴ് പൊലീസിന്റെ പിടിയിലായത്. പുല്ലുകുളങ്ങര സ്വദേശി സ്നേഹയെ (25) ആണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
സംഭവത്തിനു പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നു പൊലീസ് വ്യക്തമാക്കി. അരുണിന്റെ സഹപാഠിയുടെ സഹോദരിയാണ് അനുഷ. രണ്ടുതവണ വിവാഹിതയായ ഇവർ അരുണുമായി അടുപ്പത്തിലായിരുന്നു. സംഭവത്തിൽ ഭർത്താവ് അരുണിന്റെ പങ്ക് പൊലീസ് അന്വേഷിച്ചു വരികയാണ്. സംഭവത്തിൽ സ്നേഹയുടെ ഭർത്താവ് അരുണിനെ ഇന്ന് ഉന്നത ഉദ്യോഗസ്ഥരുെട സാന്നിധ്യത്തിൽ പൊലീസ് ചോദ്യം ചെയ്യും.
സ്നേഹയെ ഒരാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിച്ചത്. പ്രസവശേഷം വെള്ളിയാഴ്ച രാവിലെ സ്നേഹയെ ഡിസ്ചാർജ് ചെയ്തു. നിറം മാറ്റം ഉള്ളതു കാരണം കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തില്ല. ഇതോടെ സ്നേഹയും മാതാവും മുറിയിൽ കാത്തിരിക്കുകയായിരുന്നു.
വൈകിട്ട് അഞ്ചരയോടെ നഴ്സിന്റെ ഓവർക്കോട്ട് ധരിച്ച യുവതി ഇവരുടെ മുറിയിലെത്തി കുത്തിവയ്പ്പെടുക്കുവാൻ വന്നതാണെന്ന് പറഞ്ഞു. ഡിസ്ചാർജ് ചെയ്തതല്ലേ ഇനി എന്തിനാണ് കുത്തിവയ്പെന്ന് മാതാവ് ചോദിച്ചു. ഒരു കുത്തിവയ്പ്പു കൂടി ഉണ്ടെന്നു പറഞ്ഞ് സ്നേഹയുടെ കയ്യിൽ പിടിച്ച് സിറിഞ്ച് കൊണ്ടു കുത്താൻ ശ്രമിച്ചു. സിറിഞ്ചിൽ മരുന്ന് ഉണ്ടായിരുന്നില്ല.
ഈ സമയം മാതാവ് ബഹളം വച്ചതോടെ ആശുപത്രി ജീവനക്കാർ ഓടിയെത്തി യുവതിയെ പിടിച്ചുമാറ്റി തടഞ്ഞുവച്ചു. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. അവരെത്തി കസ്റ്റഡിയിലെടുത്തു.
No comments:
Post a Comment