പത്തനംതിട്ട: ഭാര്യയെ ശാസ്താംകോട്ട തടാകത്തിൽ തള്ളിയിട്ട് കൊന്ന കേസിൽ ഭർത്താവ് എട്ട് വർഷത്തിന് ശേഷം അറസ്റ്റിൽ. തേവലക്കര സ്വദേശി ഷിഹാബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യയായിരുന്ന പുനലൂർ വാളക്കോട് സ്വദേശി ഷജീറയാണ് 2015 ജൂൺ 17ന് ശാസ്താംകോട്ട കല്ലുംമൂട്ട് കടവിൽ തടാകത്തിൽ മരിച്ചത്. എട്ട് വർഷം മുൻപ് ബോട്ട് ജെട്ടിയിൽ നിന്നും വെള്ളത്തിൽ വീണ നിലയിൽ അബോധാവസ്ഥയിലാണ് ഷജീറയെ ശാസ്താംകോട്ട പത്മാവതി ആശുപത്രിയിൽ എത്തിച്ചത്. അബോധാവസ്ഥയിൽ മൂന്ന് ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമായിരുന്നു മരണം. ഷജീറയുടെ ബന്ധുക്കളുടെ പരാതിയിൽ 2017 ൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി.
കൊല്ലം തേവലക്കര പാലക്കൽ മുറിയിൽ ബദരിയ മൻസിലിൽ ഷിഹാബിന്റെ രണ്ടാം ഭാര്യയായിരുന്നു പുനലൂർ വാളക്കോട് കണ്ണങ്കര വീട്ടിൽ ഷജീറ. വിവാഹം കഴിഞ്ഞ് ഏഴാം മാസം ഷജീറ കൊല്ലപ്പെട്ടു. വെളുത്ത കാറും കറുത്ത പെണ്ണുമാണ് തനിക്ക് കിട്ടിയതെന്ന് പറഞ്ഞ് ഷിഹാബ് നിരന്തരം ഷജീറയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഫോൺ ചെയ്യാൻ പോലും ഷജീറയെ അനുവദിച്ചിരുന്നില്ല.
കൊലപാതകം നടന്ന ദിവസം കരിമീൻ വാങ്ങാമെന്ന പേരിലാണ് മൺറോത്തുരുത്തിന് സമീപത്തെ പെരിങ്ങാലത്തേക്ക് ഷജീറയുമായി ഷിഹാബ് എത്തിയത്. കരിമീൻ കിട്ടാതെ ഇവിടെ നിന്ന് മടങ്ങി. ആറരയോടെ ജങ്കാറിൽ കല്ലുമൂട്ടിൽ കടവിൽ തിരികെ എത്തി. തലവേദനയാണെന്ന് പറഞ്ഞ് ഷിഹാബ് ഇരുട്ടും വരെ ഇവിടെ തുടർന്നു. തുടർന്ന് വെളിച്ച സൗകര്യമില്ലാത്ത കടവിൽ നിന്ന് ഷെജീറയുമായി ബോട്ട് ജെട്ടിയിലേക്ക് നടത്തിച്ചു. പിന്നീട് ആരും കാണാതെ ഷജീറയെ വെള്ളത്തിലേക്ക് തള്ളിയിട്ടു. ആൾക്കാർ കൂടിയപ്പോൾ അബദ്ധത്തിൽ കാൽതെറ്റി വീണതെന്ന നിലയിൽ ഷിഹാബ് അഭിനയിച്ചു.
No comments:
Post a Comment