തിരുവനന്തപുരം: മദ്യപിക്കാൻ പണം നല്‍കാത്തതിന് അമ്മയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം അവണാകുഴി പേരിങ്ങോട്ടുകോണം വരിക്കപ്ലവിള വീട്ടിൽ ലീല (65)യെ കൊലപ്പെടുത്തിയ മകൻ ബിജുവിന്‍റെ (40 അറസ്റ്റ് ആണ് പൊലീസ് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇതിന് പിന്നാലെ മൂത്ത മകൻ ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
മദ്യപിക്കാൻ പണം ആവശ്യപ്പെട്ടത് നൽകാത്തതിനെ തുടർന്നാണ് മകൻ അമ്മയെ ദാരുണമായി മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യം ദൃക്സാക്ഷികൾ മൊഴി നൽകിയതായും കാഞ്ഞിരംകുളം പൊലീസ് പറഞ്ഞു. കരൾ രോഗത്തിന് ചികിത്സയിലായിരുന്ന ലീലയെ ചവിട്ടിയും കമ്പ് കൊണ്ട് അടിച്ചും വകവരുത്തിയ ശേഷം തറയിൽക്കൂടി പ്രതി വലിച്ചിഴച്ചെന്നാണ് പൊലീസ് പറയുന്നത്. മർദ്ദനത്തിൽ വാരിയെല്ലുകൾ തകർന്നതും, ചവിട്ടേറ്റ് ഉണ്ടായ ആന്തരീക രക്തസ്രാവവും, വീഴ്ചയിൽ തലക്കേറ്റ പരിക്കുമാണ് ലീലയുടെ മരണത്തിന് കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്.
അമ്മയെ തല്ലി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വലിച്ചിഴച്ച് കിടപ്പുമുറിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമവും പ്രതി നടത്തിയിരുന്നു. അമ്മ മരണപ്പെട്ടതായി ബിജു തന്നെയാണ് മറ്റു മക്കളെയും നാട്ടുകാരെയും വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പോലിസ് അസ്വഭാവിക മരണത്തിനാണ് കേസെടുത്തതെങ്കിലും തുടർന്നുള്ള അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ലീലയുടെ മൂത്ത മകൻ ബിജുവിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിന് പിന്നാലെ പ്രതി കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നെയ്യാറ്റിൻകര എ.എസ്.പി ഫാറാഷ് റ്റി യുടെ നേതൃത്വ ത്തിൽ കാഞ്ഞിരംകുളം എസ് എച്ച്. ഒ അജിചന്ദ്രൻ നായർ, എസ്.ഐമാരായ സുജിത് എസ്.പി. ,ആർ.ടൈറ്റസ്, എ.എസ്.ഐ. റോയി, സി.പി .ഒ.മാരായ വിമൽ രാജ്, വിനീത് എന്നിവരടങ്ങുന്ന സംഘം ആണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പിടിയിലായ ബിജു പോക്സോ കേസിലെ പ്രതിയാണ്. പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന്‍റെ പിറ്റേദിവസമാണ് പ്രതി ഈ ക്രൂരകൃത്യം ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
No comments:
Post a Comment