തിരുവനന്തപുരം: വെള്ളായണിയിൽ പശുവളർത്തൽ കേന്ദ്രത്തിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷൻ ഗോതമ്പും പായ്ക്കറ്റ് ആട്ട മാവും പൊതുവിതരണ വകുപ്പ് പിടിച്ചെടുത്തു. വെള്ളായണി ശാന്തിവിള കുരുമി ജങ്ഷനു സമീപത്തെ പശുവളർത്തൽ കേന്ദ്രത്തിലാണ് താലൂക്ക് സപ്ലൈ ഓഫീസർ ബീനാ ഭദ്രന്റെ നേതൃത്വത്തിൽ പൊതുവിതരണ വകുപ്പിന്റെ വിജിലൻസ് സംഘം പരിശോധന നടത്തിയത്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 265 കിലോ റേഷൻ ഗോതമ്പും 200 പായ്ക്കറ്റ് ആട്ടമാവും ഉദ്യോഗസ്ഥ സംഘം പിടിച്ചെടുത്തു. പൊതുവിതരണ വകുപ്പിലെ വിജിലൻസ് വിഭാഗത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പരിശോധന നടത്തിയത്.
എവിടെനിന്നാണ് ഇത്രയും സാധനങ്ങൾ പശുവളർത്തൽ കേന്ദ്രത്തിലെത്തിയതെന്ന പരിശോധന നടന്നുവരികയാണ്. ഇതിനായി സമീപ പ്രദേശങ്ങളിലെ റേഷൻകടകളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇതിന് പിന്നിലാരാണെന്നത് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊതുവിതരണ വകുപ്പിലെ വിജിലൻസ് വിഭാഗം.
No comments:
Post a Comment