Breaking

Monday, 20 March 2023

മെഡി. കോളജിലെ ഐസിയുവിൽ വെച്ച് ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ പീഡിപ്പിച്ച അറ്റൻഡർ അറസ്റ്റിൽ


കോഴിക്കോട്
: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ പീഡിപ്പിച്ച ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ. ശസ്ത്രക്രിയയ്ക്കു വിധേയായ യുവതിയെ ആണ് അറ്റൻഡർ‌ പീഡിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അറ്റൻഡറായ വടകര മയ്യന്നൂർ സ്വദേശി ശശിധരനാണ് അറസ്റ്റിലായത്. മെഡിക്കൽ കോളേജ് പോലീസ് ആണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ പോലീസ് കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോയിരിക്കുകയായിരുന്നു.


ശനിയാഴ്ച രാവിലെ പ്രധാന ശസ്ത്രക്രിയ തീയറ്ററിൽ നിന്നും യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ച ശേഷമാണ് ക്രൂരമായ പീഡനം നടന്നത്. സർജിക്കൽ ഐസിയുവിൽ യുവതിയെ കൊണ്ടു വന്നതിനു ശേഷം മടങ്ങിയ അറ്റൻഡർ കുറച്ചു കഴിഞ്ഞു തിരികെവന്നു. ഈ സമയം മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനെ തുടർന്നു ജീവനക്കാരെല്ലാം അവിടെയായിരുന്നു. അപ്പോഴായിരുന്നു പീഡനം. ശസ്ത്രക്രിയയ്ക്കു ശേഷം മയക്കം പൂർണമായും മാറാത്ത അവസ്ഥയിലായിരുന്ന യുവതിക്ക് എതിർക്കാനോ ബഹളം വായിക്കാനോ സാധിച്ചിരുന്നില്ല. മയക്കം വിട്ടുണർന്നപ്പോൾ ഭർത്താവിനോടാണ് യുവതി സംഭവം പറഞ്ഞത്. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.


ഐസിയുവിലെ നഴ്സിനോട് പരാതി പെട്ടതിനെ തുടർന്ന് ആശുപത്രി അധികൃതരും വിവരങ്ങൾ ശേഖരിച്ചിരുന്നു. മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശം നൽകി.

No comments:

Post a Comment