കല്ലമ്പലം : സുമനസ്സുകള്‍ സഹായവുമായി രംഗത്തുവന്നതോടെ ആംബുലന്‍സിലെത്തി എസ്.എസ്.എല്‍.സി പരീക്ഷയെഴുതി സജന്‍.
ഞെക്കാട് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരനായ സജന്‍ എസ് പരിമിതികളെ മറികടന്നാണ് എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്.
പരീക്ഷക്ക് കിടപ്പുരോഗിയായ കുട്ടിയെ സ്കൂളില്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നുള്ള രക്ഷാകര്‍ത്താക്കളായ സജീവിന്റെയും ബേബിയുടെയും സങ്കടം സ്കൂളിലെ സ്പെഷല്‍ എജുക്കേറ്ററായ ഗ്രീസ സ്കൂള്‍ അധികൃതരെയും വാര്‍ഡ് മെംബറെയും പഞ്ചായത്ത് അധികാരികളെയും അറിയിച്ചു.
വാര്‍ഡ് മെംബര്‍ സത്യബാബുവിന്റെയും പഞ്ചായത്തിന്റെയും അവസരോചിത ഇടപെടലിനെ തുടര്‍ന്ന് ഒറ്റൂര്‍ പി.എച്ച്.സിയില്‍ നിന്ന് പരീക്ഷയുള്ള ദിവസങ്ങളിലെല്ലാം ആംബുലന്‍സ് സേവനം ലഭ്യമാക്കുകയായിരുന്നു. പി.എച്ച്.സിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗിനിലാല്‍, ആംബുലന്‍സ് ഡ്രൈവര്‍ ജിന്നി എന്നിവരുടെ സഹായത്താല്‍ കുട്ടിയെ സ്കൂളിലെത്തിച്ചു.
90 ശതമാനം വൈകല്യമുള്ള സജന് സ്വന്തമായി പരീക്ഷയെഴുതാന്‍ കഴിയാത്തതിനാല്‍ സഹായിയായി ഒമ്ബതാം ക്ലാസുകാരന്‍ നിവേദ് കൂടി എത്തി. ഇതോടെ, സജന്റെയും രക്ഷാകര്‍ത്താക്കളുടെയും എസ്.എസ്.എല്‍.സി എന്ന സ്വപ്നം പൂവണിഞ്ഞു.
No comments:
Post a Comment