Breaking

Tuesday, 28 March 2023

നാടൻപാട്ട് നടക്കുന്നതിനിടെ നൃത്തംചെയ്ത യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച നാലുപേർ പിടിയിൽ.


തിരുവനന്തപുരം
: ക്ഷേത്രത്തിൽ നാടൻപാട്ട് നടക്കുന്നതിനിടെ നൃത്തംചെയ്ത യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ നാലുപേർ പിടിയിൽ. വിതുര ചാരുപാറ ഗൗരി സദനം വീട്ടിൽ രഞ്ജിത്ത് (35), ഇടിഞ്ഞാർ ഇടവം റാണി ഭവനിൽ ഷിബു (39), വിതുര ചാരുപാറ ശ്രീനന്ദനം വീട്ടിൽ സനൽകുമാർ (42) എന്നിവരാണ് പിടിയിലായത്. പാലോട് ഇടവം ചതുപ്പിൽ വീട്ടിൽ അഖിലി (29)നെയാണ് ആറോളം പേർ ചേർന്ന് അക്രമിക്കുകയും തുടർന്ന് കുത്തിപ്പരിക്ക് ഏൽപ്പിക്കുകയും ചെയ്തത്. 


ഇവരുടെ അക്രമണത്തിൽ അഖിലിന് മുതുകിലും തലയിലും ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം ഇടവം ആയിരവില്ലി തമ്പുരാൻ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നാടൻ പാട്ട് നടന്നിരുന്നു. ഇതിനിടെ അഖിൽ ഡാൻസ് കളിച്ചതിൽ പ്രകോപിതരായ സംഘം അഖിലിനെ അനുനയിപ്പിച്ച് സമീപത്തെ റബ്ബർ പുരയിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. അഖിലിനെ മര്‍ദ്ദിച്ച സംഘം കത്തികൊണ്ട് കുത്തുകയും ചെയ്തു.  പിന്നീട് അവശനായ യുവാവിനെ  പുരയിടത്തിൽ ഉപേക്ഷിച്ച്‌ പ്രതികൾ കടന്നുകളഞ്ഞു.


സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതികളെ പൊലീസ് അന്വേഷണത്തിനൊടുവില്‍ പിടികൂടുകയായിരുന്നു.  തിങ്കളാഴ്ച നെയ്യാർഡാമിനു സമീപത്തെ തുരുത്തിൽ ഒളിവിൽക്കഴിയുകയായിരുന്ന വിതുര ചേന്നംപാറ സ്കൂളിനുസമീപം താമസിക്കുന്ന സജികുമാറി (44) നെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റുചെയ്തു. വിദേശത്ത് ജോലിചെയ്തുവന്നിരുന്ന ഇയാൾ മംഗലാപുരം വഴി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പൊലീസ് പിടിയിലായത്. 


No comments:

Post a Comment