Breaking

Monday, 27 February 2023

സീനിയർ വിദ്യാർഥിയുടെ മാനസികപീഡനം: ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കൽ വിദ്യാർഥിനി മരിച്ചു


ഹൈദരാബാദ്: സീനിയർ വിദ്യാർഥിയുടെ മാനസിക പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഒന്നാം വർഷ മെഡിക്കൽ പി.ജി. വിദ്യാർഥിനി ചികിത്സയിലിരിക്കേ മരിച്ചു. തെലങ്കാനയിലെ വാറങ്കലിലെ കാകതീയ മെഡിക്കൽ കോളേജ് (കെ.എം.സി.) വിദ്യാർഥിനി ധരാവതി പ്രീതി (26) ആണ് മരിച്ചത്. ആത്മഹത്യാ ശ്രമത്തിന് പിന്നാലെ പ്രീതിയെ നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു മരണം.


ബുധനാഴ്ചയാണ് പ്രീതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കെ.എം.സിയിലെ രണ്ടാം വർഷ മെഡിക്കൽ പി.ജി. വിദ്യാർഥി ഡോ. എം.എ. സൈഫിനെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാപ്രേരണക്കുറ്റത്തിന് പുറമേ പട്ടികജാതി-പട്ടികവർഗ പീഡന നിരേധന നിയമപ്രകാരമുള്ള കുറ്റവും സൈഫിനെതിരേ ചുമത്തിയിട്ടുണ്ട്. വാറങ്കലിലെ കോടതിയിൽ ഹാജരാക്കിയ ഇയാളെ ഖമ്മത്തെ ജയിലിലേക്ക് മാറ്റിയതായി വാറങ്കൽ കമ്മിഷണർ എ.വി. രംഗനാഥ് അറിയിച്ചു.


കെ.എം.സിയിലെ പി.ജി. അനസ്ത്യേഷ്യ വിദ്യാർഥിനിയായിരുന്ന പ്രീതിയെ 2022 ഡിസംബർ മുതൽ സൈഫ് ശല്യം ചെയ്തിരുന്നുവെന്നാണ് ആരോപണം. മകളെ, സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തിരുന്നതായും ആത്മഹത്യയിലേക്ക് നയിച്ച കാരണത്തെ കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്നും പ്രീതിയുടെ പിതാവ് നരേന്ദർ ആവശ്യപ്പെട്ടു.


കഴിഞ്ഞ ബുധനാഴ്ച പ്രീതി പിതാവ് നരേന്ദറിനെ വിളിക്കുകയും സൈഫ് ബുദ്ധിമുട്ടിക്കുന്നതിനെ കുറിച്ച് പറയുകയും ചെയ്തിരുന്നു. അധികസമയം ജോലിചെയ്യാൻ നിർബന്ധിക്കുന്നതായും എം.ജി.എം. ആശുപത്രിയിലെ ഡ്യൂട്ടിസമയത്ത് വാഷ് റൂമിൽ പോകാൻ പോലും അനുവദിക്കുന്നില്ലെന്നും പ്രീതി പറഞ്ഞിരുന്നു. തുടർന്ന് നരേന്ദർ ലോക്കൽ പോലീസിനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയും വിഷയത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ പ്രീതിയെ അബോധാവസ്ഥയിൽ ആശുപത്രിയിലെ സ്റ്റാഫ് റൂമിൽ കണ്ടെത്തുകയായിരുന്നു.


മരണത്തിന് പിന്നാലെ പ്രീതിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ പത്തുലക്ഷം രൂപയുടെ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രീതിയുടെ മരണത്തിന് പിന്നാലെ എൻ.ഐ.എം.എസ്. ആശുപത്രിക്കു പുറത്ത് സംഘർഷം രൂപപ്പെട്ടു. പ്രീതിക്ക് നീതി ലഭ്യമാക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

No comments:

Post a Comment