തിരുവനന്തപുരം: കല്ലമ്പലത്ത് ബൈക്കിൽ അഭ്യാസം നടത്തി അപകടമുണ്ടാക്കിയ സംഭവത്തിൽ യുവാവിന്റെ ലൈസൻസും വണ്ടിയുടെ രജിസ്ട്രേഷനും റദ്ദാക്കണം എന്ന് പൊലീസ്. കല്ലമ്പലം സ്വദേശി നൗഫലിന്റെ ലൈസൻസ് റദ്ദാക്കണമെന്നാണ് പൊലീസ് ശുപാർശ. മോട്ടോർ വെഹിക്കൾ ഡിപ്പാർട്ട്മെന്റിന് കൈമാറിയ റിപ്പോർട്ടിലാണ് നൗഫലിന്റെ ലൈസൻസും നൗഫൽ ഓടിച്ചിരുന്ന ബൈക്കിന്റെ രജിസ്ട്രേഷനും റദ്ദാക്കണം എന്ന് കല്ലമ്പലം പൊലീസ് ശുപാർശ ചെയ്തത്
നൗഫലിന്റെ ബന്ധുവിന്റെ പേരിലുള്ളതാണ് ബൈക്ക്. നൗഫൽ സ്ഥിരമായി കുറ്റം ചെയ്യുന്നയാളാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിൻ്റെ ശുപാർശ. കഴിഞ്ഞ വ്യാഴാഴ്ച കല്ലമ്പലം തോട്ടയ്ക്കാട് വച്ചാണ് അമിത വേഗക്കാരനായ നൗഫൽ വിദ്യാർത്ഥിനികളുടെ ശ്രദ്ധനേടാനായി ബൈക്കിൽ അഭ്യാസം നടത്തിയത്.
അഭ്യാസത്തിൻ്റെ ബൈക്കിൻ്റെ നിയന്ത്രണം തെറ്റി പെൺകുട്ടിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തിൽ നൗഫലിൻെറ കൈയ്ക്കും പരിക്കേറ്റു. നാട്ടുകാരാണ് നൗഫലിനെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങളിൽ നിന്നാണ് പരിക്കേറ്റ പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. ആദ്യം പരാതി നൽകാൻ ഇവർ തയ്യാറായില്ലെങ്കിലും പിന്നീട് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ് കേസെടുക്കുകയായിരുന്നു. അമിത വേഗത്തിൽ ബൈക്കോടിക്കുന്ന നൗഫലിൻ്റെ നിരവധി വീഡിയോകൾ നവമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.
No comments:
Post a Comment