കോട്ടക്കൽ: കഴിഞ്ഞ ദിവസം വാഹന പരിശോധനയ്ക്കിടെ എത്തിയ ആഡംബര ബൈക്ക് പരിശോധിക്കുകയും ശേഷം ഓടിച്ച് നോക്കുകയും ചെയ്തതോടെയാണ് മീറ്റർ വിച്ഛേദിച്ചതായി കണ്ടെത്തിയത്.
ഉപയോക്താവിന് കൈമാറാനുള്ള വാഹനം തന്നെ മീറ്റർ വിച്ഛേദിച്ച് ടെസ്റ്റ് ഡ്രൈവിന് കൊണ്ടുപോകുന്നതും മറ്റ് പ്രദർശനങ്ങൾക്ക് എത്തിക്കുന്നതും ഒരു ഷോറൂമിൽ നിന്ന് മറ്റൊരു ഷോറൂമിലേക്ക് കൊണ്ടുപോകുന്നതുമെല്ലാം പല ഡീലർഷിപ്പുകളിലും നടക്കാറുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ അടുത്തിടെ കോട്ടയം ജില്ലയിലും പെരിന്തൽമണ്ണയിലും കേസുകൾ രജിസ്റ്റർ ചെയ്യുകയും കനത്ത പിഴ ഈടാക്കുകയുമെല്ലാം ചെയ്തിട്ടുമുള്ളതാണ്.
എന്നാൽ, ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നതായാണ് എം.വി.ഡി. അടുത്തിടെ റിപ്പോർട്ട് ചെയ്ത കേസ് സൂചിപ്പിക്കുന്നത്. കോട്ടക്കൽ ഷോറൂമിൽ നിന്ന് കോഴിക്കോട് ഷോറൂമിലേക്ക് ഓടിച്ച് കൊണ്ടുപോകുകയായിരുന്ന വാഹനമാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കുടങ്ങിയത്. വാഹനത്തിന്റെ ഓഡോ മീറ്ററിൽ കൃത്രിമം കാണിച്ചത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് 10,3000 രൂപയാണ് വാഹന ഡീലർക്ക് എം.വി.ഡി. പിഴയിട്ടത്.
ഡീലർമാരുടെ ഉത്തരവാദിത്വത്തിലുള്ള പുതിയ വാഹനങ്ങളിലെ ഓഡോ മീറ്റർ കണക്ഷനുകളിൽ കൃത്രിമം നടത്തുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് ഇക്കാര്യത്തിൽ കർശനമായ പരിശോധന ആരംഭിച്ചിരിക്കുന്നത്. ദേശീയപാതയിൽ കക്കാട് മേഖലയിൽ നടത്തിയ പരിശോധനയിലാണ് ഏറ്റവും ഒടുവിൽ തട്ടിപ്പ് പിടികൂടിയത്. മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.
വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവ്, വിവിധ സ്ഥലങ്ങളിലെ പ്രദർശന ക്യാമ്പുകളിൽ കൊണ്ടുപോകൽ, മറ്റ് ഷോറൂമിലേക്ക് സ്റ്റോക്ക് മാറ്റൽ, തുടങ്ങിയ ആവശ്യങ്ങൾക്കൊപ്പം സ്വകാര്യമായ ആവശ്യങ്ങൾക്ക് പുതിയ വാഹനം ഉപയോഗിക്കുമ്പോൾ ഓടുന്ന ദൂരം മീറ്ററിൽ രേഖപ്പെടുത്താതിരിക്കാനും, ഒട്ടും ഓടിയിട്ടില്ലാത്ത വാഹനമാണെന്ന് ഉപയോക്താക്കളെ തെറ്റിധരിപ്പിക്കാനും വേണ്ടിയാണ് ഓഡോ മീറ്ററിലെ ഈ കൃത്രിമം. ഇത് മോട്ടോർ വാഹന നിയമത്തിന്റെ ലംഘനമാണെന്നാണ് എം.വി.ഡി. അറിയിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം വാഹന പരിശോധനയ്ക്കിടെ എത്തിയ ആഡംബര ബൈക്ക് പരിശോധിക്കുകയും ശേഷം ഓടിച്ച് നോക്കുകയും ചെയ്തതോടെയാണ് മീറ്റർ വിച്ഛേദിച്ചതായി കണ്ടെത്തിയത്. ഡിജിറ്റൽ മീറ്റർ ഫ്യൂസ് ഊരി മാറ്റിയും അനലോഗ് കണക്ഷൻ വിച്ഛേദിച്ചുമാണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾ അരങ്ങേറുന്നത്. ഇതിനുപുറമെ, വാഹനത്തിന് ട്രേഡ് സർട്ടിഫിക്കറ്റ് രേഖകൾ കൂടി ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് 10,3000 പിഴ ഈടാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷെഫീക്കിന്റെ നേതൃത്വത്തിൽ എ.എം.വി.ഐമാരായ കെ.ആർ. ഹരിലാൽ, പി.ബോണി എന്നിവരാണ് വാഹനം പരിശോധന നടത്തിയത്. മൂന്ന് മാസങ്ങൾക്ക് മുമ്പും സമാനമായ രീതിയിൽ രണ്ട് ബൈക്കുകൾക്ക് എതിരേയും ആറ് മാസത്തിനപ്പുറം ഒരു കാറിനും എൻഫോഴ്മെന്റ് വിഭാഗം പിഴ ചുമത്തിയിരുന്നു. ടെസ്റ്റ് ഡ്രൈവ് നടത്തുമ്പോഴും മറ്റും മീറ്ററുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തേണ്ടത് പൊതുജനങ്ങളുടെ ഉത്തരവാദിത്വമാണെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
No comments:
Post a Comment