Breaking

Wednesday, 18 January 2023

ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കി; ലക്ഷ്യം സുരക്ഷിതമായ ഭക്ഷണം - മന്ത്രി വീണാ ജോർജ്


തിരുവനന്തപുരം
: ഫെബ്രുവരി ഒന്ന് മുതൽ ഹെൽത്ത്കാർഡ് ഇല്ലാത്ത ജീവനക്കാരുള്ള ഹോട്ടലുകൾ പ്രവർത്തിക്കാനനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സേഫ് ഫുഡ് ഡെസ്റ്റിനേഷനാണ് ലക്ഷ്യം. സംസ്ഥാനത്ത് പരിശോധന ശക്തമാക്കുമെന്നും നടപടി കടുപ്പിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.


വ്യാജമായി ഹെൽത്ത് കാർഡ് ഉണ്ടാക്കി നൽകിയാൽ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉൾപ്പെടെ റദ്ദാക്കുന്ന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. "ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതി സാധാരണ നിലയിലാണ് എന്നാണ് ലഭിച്ച റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. തുടർനടപടികൾ സ്വീകരിക്കുന്നതിന് ആവശ്യമായ പരിശോധനകൾ കൂടി നടത്തുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദേശം നൽകി. കമ്മിഷണർ അതിനനുസരിച്ചിട്ടുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.


ഹോട്ടലുകൾ, റെസ്റ്റൊറന്റുകൾ തുടങ്ങിയ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഓരോരുത്തർക്കും ഹെൽത്ത് കാർഡ് വേണമെന്ന് നിർബന്ധമാക്കിയിയിട്ടുണ്ട്. ഫെബ്രുവരി ഒന്ന് മുതൽ ഹെൽത്ത് കാർഡ് ഇല്ലാത്ത ജീവനക്കാരുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. വ്യാജമായി ഹെൽത്ത് കാർഡ് നൽകിയാൽ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉൾപ്പെടെ റദ്ദാക്കുന്ന നടപടി സ്വീകരിക്കും.


തൊഴിൽ വകുപ്പുമായി ചേർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ താമസിക്കുന്ന ഇടങ്ങൾ പരിശോധിക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. ജോലിക്കാർ താമസിക്കുന്ന ഇടങ്ങളിലെ ശുചിത്വം, സാഹചര്യങ്ങൾ പരിശോധിക്കും. ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർക്ക് പ്രത്യേകമായി ട്രെയിനിങ് നൽകും" മന്ത്രി പറഞ്ഞു.

No comments:

Post a Comment