ചാരുംമൂട്: കാറിൽ അമിതവേഗത്തിലെത്തി സ്കൂട്ടറിലിടിച്ചത് ചോദ്യം ചെയ്ത നാട്ടുകാരെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചോദ്യം ചെയ്ത യുവാവിനെ കൈ തല്ലി ഒടിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.
ആദിക്കാട്ടുകുളങ്ങരയിലായിരുന്നു യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അടൂർ കണ്ണംങ്കോട് ഷൈജു മൻസിൽ ഷൈജു (35), ഭരണിക്കാവ് ഇലിപ്പക്കുളം കാട്ടിലേത്ത് പുത്തൻവീട്ടിൽ നസീം (21), കരുനാഗപ്പള്ളി തൊടിയൂർ കൊങ്കി കിഴക്കതിൽ ഷിഹാബ് (36) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ അക്രമത്തിൽ പരിക്കേറ്റ ആദ്ദിക്കാട്ടുകുളങ്ങര തുണ്ടിൽ ദാവൂദ് മൊയ്തീൻ (40) നെ ഗുരുതര പരിക്കുകളോടെ തിരുവല്ലയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ കെ പി റോഡിൽ ആദിക്കാട്ടുകുളങ്ങര ജംഗ്ഷന് പടിഞ്ഞാറ് തടിമില്ലിന് സമീപമാണ് സംഭവം. അടൂർ ഭാഗത്തു നിന്നു നിന്നും അമിത വേഗതയിലെത്തിയ കാർ സ്കൂട്ടർ യാത്രക്കാരെ ഇടിച്ച ശേഷം നിർത്താതെ മുന്നോട്ട് പോകാൻ ശ്രമിച്ചത് ചോദ്യം ചെയ്ത നാട്ടുകാർക്കെതിരെ പ്രതികൾ അക്രമാസക്തമാകുകയായിരുന്നു.
തുടർന്ന് നാട്ടുകാരെ അക്രമിക്കാൻ ശ്രമിച്ചത് തടയാൻ എത്തിയ വ്യാപാരിയായ ദാവൂദിനെ ഇരുമ്പുവടി കൊണ്ട് അക്രമിക്കുകയായിരുന്നു. അക്രമത്തിൽ ഇടതു കൈെക്കും തലക്കും ഗുരുതരമായി പരിക്കേറ്റു. നാട്ടുകാരെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം പൊലീസ് എത്തുന്നതിനു മുമ്പ് രക്ഷപ്പെട്ടു. തുടർന്ന് ഇവരെ കുടശനാട് ഭാഗത്തുവെച്ച് സാഹസികമായി വാഹനം തടഞ്ഞ് പൊലീസ് പിടികൂടുകയായിരുന്നു. പിടിയിലായവർ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസിൽ പ്രതികളാണെന്നും ഇവർ ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
No comments:
Post a Comment