കൊല്ലം: മോഷണം നടന്ന വീടിന് സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പ്രതിയെ കുടുക്കി.പുനലൂരിൽ ആളില്ലാത്ത വീട്ടിൽ നിന്ന് 25 പവൻ കവർന്ന പ്രതിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടാപകൽ പുനലൂർ തൊളിക്കോട്ട് വീട്ടിൽ നിന്ന് 25 പവൻ സ്വർണം കവർന്ന കേസിലെ പ്രതിയെയാണ് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ ഇരിക്കൂർ പട്ടുവയിൽ ദൂറുൽ ഹലാഹ് വീട്ടിൽ ഇസ്മായിൽ (30) ആണ് അറസ്റ്റിലായത്.
ഇവിടെ നിന്ന് കവർന്ന സ്വർണം തിരുവനന്തപുരത്തെ മൂന്ന് പ്രമുഖ ജൂവലറികളിൽ നിന്നായി പൊലീസ് കണ്ടെടുത്തു.ഇയാൾ തൃശ്ശൂർ കുന്നംകുളത്ത് 95 പവൻ സ്വർണം കവർന്ന കേസിൽ അറസ്സിലായതിനെ തുടർന്ന് ജയിലിലായിരുന്നു. ഇയാളെ പുനലൂർ പൊലീസ് നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
മോഷണം നടന്ന തൊളിക്കോട്ടെ വീട്ടിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. പുനലൂർ തൊളിക്കോട്ട് ജയപ്രകാശിന്‍റെ വീട്ടിൽ 2022 ഡിസംബർ 10 നാണ് മോഷണം നടന്നത്. വീട്ടുകാർ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോയ സമയത്തായിരുന്നു പ്രതി മോഷണം നടത്തിയത്.
മറ്റൊരു മോഷണ കേസിൽ ഇസ്മായിൽ കുന്നംകുളം പൊലീസിൻ്റെ പിടിയിലായി ചോദ്യം ചെയ്യവേയാണ് പുനലൂരിൽ മോഷണം നടത്തിയ വിവരം പ്രതി സമ്മതിച്ചത്. മോഷണം നടന്ന വീടിന് സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിച്ചപ്പോൾ പ്രതി ഇയാൾ തന്നെയെന്ന് സ്ഥിരീകരിച്ചു.
പുനലൂർ പൊലീസ് എസ്.എച്ച്.ഒ. ടി.രാജേഷ് കുമാർ, എസ്.ഐ.മാരായ ഹരീഷ്, ഷിബു കുളത്തുമൺ, സീനിയർ സി.പി.ഒ.മാരായ രജ്ബീർ, മനോജ്, സി.പി.ഒ.മാരായ രഞ്ജിത്, ഗിരീഷ് കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണവും തെളിവെടുപ്പും നടത്തിയത്.
No comments:
Post a Comment