ആലപ്പുഴ :ഫേസ്‌ബുക്കിൽ വ്യാജ പ്രൊഫൈലുണ്ടാക്കി യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ യുവതിയും ഭർത്താവും അറസ്റ്റിൽ.ആലപ്പുഴ സ്വദേശിനി ശരണ്യ ശശിധരൻ (28), ഭർത്താവ് തിരുവനന്തപുരം സ്വദേശി മനു ബാലകൃഷ്ണൻ (34) എന്നിവരാണ് അറസ്റ്റിലായത്.
കാസർഗോഡ് സ്വദേശിയായ ശ്രീനാഥ് (24) ആണ് തട്ടിപ്പിന് ഇരയായത്. ശ്രീനാഥിന്റെ പരാതിയിൽ കേസെടുത്ത പോലീസ് ആലപ്പുഴയിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.സംസ്ഥാനത്തെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് സമാനമായ രീതിയിൽ ഇരുവരും തട്ടിപ്പ് നടത്തിയതായി പോലീസ് പറയുന്നു.
ഫേസ്‌ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ശരണ്യയാണ് യുവാക്കളെ വലയിലാക്കുന്നത്. യുവാക്കളുമായി സൗഹൃദം സ്ഥാപിക്കുന്ന ശരണ്യ പ്രമുഖ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത ശേഷം കമ്പനിയുടെ വ്യാജ ഇമെയിൽ വിലാസത്തിൽ സന്ദേശമയക്കും.
ദുബായിയിലാണ് ജോലി എന്ന് വിശ്വസിപ്പിച്ച് വിസയ്ക്കും ടിക്കറ്റിനും മറ്റ് ചിലവുകൾക്കുമായി പണം ആവശ്യപ്പെടും. പണം ലഭിച്ചതിന് ശേഷം ഫേസ്‌ബുക്ക് അകൗണ്ട് ഡിലീറ്റ് ചെയ്ത് മുങ്ങുകയാണ് പ്രതികളുടെ രീതി.
ശ്രീനാഥിന്റെ പരാതിയിൽ ശരണ്യയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എറണാകുളത്ത് താമസിച്ചതായി കണ്ടെത്തുകയായിരുന്നു. എന്നാൽ പോലീസ് എത്തുമ്പോഴേക്കും സിം കാർഡ് ഉപേക്ഷിച്ച് പ്രതികൾ മറ്റൊരു സ്ഥലത്തേക്ക് രക്ഷപ്പെട്ടിരുന്നു സിം കാർഡുകൾ നിരന്തരം മാറികൊണ്ടിരുന്നതിനാൽ പ്രതികളെ കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല.
എന്നാൽ പ്രതികൾ മൊബൈൽ വാങ്ങിയ കടയിലെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്.
തുടർന്ന് ഇരുവരെയും ആലപ്പുഴയിലെത്തി അറസ്റ്റ്ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
No comments:
Post a Comment