ദേഹാസ്വാസ്ഥ്യത്തിനിടെ കെഎസ്ആർടിസി ബസ് സുരക്ഷിതമായി നിർത്തി യാത്രക്കാരെ രക്ഷിച്ച ഡ്രൈവർ യാത്രയായി
48 യാത്രക്കാരുമായി പോകവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടും ആത്മധൈര്യം കൈവിടാതെ ബസ് റോഡരിലേക്ക് സുരക്ഷിതമായി നിർത്തി യാത്രക്കാരെ രക്ഷിച്ച കെഎസ്ആർടിസി ബസ് ഡ്രൈവർ മരിച്ചു.
താമരശ്ശേരി കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവർ താമരശ്ശേരി വെഴുപ്പൂർ ചുണ്ടകുന്നുമ്മൽ സിജീഷാണ് (കംസൻ 48) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിജിഷ് ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മരിച്ചത്.
നവംബർ 20 ന് പുലർച്ചെ നാല് മണിയോടെ താമരശ്ശേരിയിൽ നിന്നും സിജീഷ് ഓടിച്ച ബസ് കുന്ദംകുളത്ത് എത്തിയപ്പോഴാണ് സിജേഷിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കടുത്ത വേദനയ്ക്കിടയിലും മനസാന്നിധ്യം വിടാതെ ബസ് നിർത്തിയ ശേഷം ഡ്രൈവർ സിജീഷ് അന്ന് കുഴഞ്ഞു വീഴുകയായിരുന്നു. സിജേഷ് കുഴഞ്ഞ് വീണതിന് ശേഷമാണ് ബസിലുണ്ടായിരുന്ന കണ്ടക്റ്ററും യാത്രക്കാരും വിവരമറിഞ്ഞത്.
ഉടൻ തന്നെ സിജീഷിനെ കുന്ദംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ബസ് ഓടിക്കവേ സിജേഷിന് പക്ഷാഘാതം സംഭവിക്കുകയായിരുന്നു.
ഇതേ തുടർന്ന് ഗിയർ മാറ്റാൻ പോലും കഴിയാത്ത സാഹചര്യമായിട്ടും കടുത്ത വേദനയ്ക്കിടയിലും ബസ് സുരക്ഷിതമായി നിർത്താൻ സിജീഷ് കാണിച്ച ആത്മധൈര്യം ഏറെ ശ്രദ്ധ നേടിയിരുന്നു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും അസുഖം ഭേദമായി അദ്ദേഹം വീട്ടിലെത്തിയെങ്കിലും പിന്നീട് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നാറിൽ മുമ്പുണ്ടായ മണ്ണിടിച്ചിലും സിജീഷ് ഓടിച്ച കെ എസ് ആർ ടി സി. ബസ് ഉൾപ്പെട്ടിരുന്നു. അന്നത്തെ മണ്ണിടിച്ചിലില്‍ ബസ്സിന്‍റെ ഗ്ലാസ് ഉൾപ്പെടെ തകർന്നിട്ടും സിജീഷ് സുരക്ഷിതമായി യാത്രക്കാരെ താമരശ്ശേരിലെത്തിച്ചു. കെ എസ് ആർ ടി ഇ എയുടെ സജീവ പ്രവർത്തകനായിരുന്നു സിജീഷ്.
മൃതദേഹം ശവസംസ്കാരത്തിനായി ഇന്ന് വൈകുന്നേരം 6:30 ന് വീട്ടിൽ നിന്നും പുതുപ്പാടി പൊതു ശ്മശാനത്തിലേക്ക് കൊണ്ട് പോകും. പരേതനായ ശ്രീധരന്‍റെയും (കിരണ്‍) മാളുവിന്‍റെയും മകനാണ്. ഭാര്യ: സ്മിത, മകള്‍: സാനിയ. സഹോദരി: പ്രിജി.
No comments:
Post a Comment