നേമം: അച്ഛന്റെ പേരിലുള്ള വസ്തു മകന്റെ പേരിലേക്ക് പ്രമാണം ചെയ്തു നൽകുന്നതിന് നേമം സബ് റജിസ്ട്രാർക്കുവേണ്ടി 3000 രൂപ കൈക്കൂലി വാങ്ങിയ ഓഫിസ് അറ്റൻഡന്റ് ശ്രീജയെ വിജിലൻസ് ദക്ഷിണ മേഖല യൂണിറ്റ് ഡിവൈഎസ്പി സി.എസ്.വിനോദും സംഘവും പിടികൂടി. വെള്ളായണി പാലപ്പൂര് തേരിവിള വീട്ടിൽ സുരേഷിന്റെ പരാതിയിൽ വിജിലൻസ് സംഘം നൽകിയ 3000 രൂപ സുരേഷിന്റെ കൈയിൽ നിന്നുവാങ്ങി ഫയലുകൾക്കിടയിൽ ഒളിപ്പിക്കുന്നതിനിടെയാണ് പിടിയിലായത്. ഇന്നലെ രാവിലെ 11.45നാണ് സംഭവം.
അതേസമയം കൈക്കൂലി നൽകാൻ ആവശ്യപ്പെട്ട സബ് റജിസ്ട്രാർ സന്തോഷ് കുമാർ ഇന്നലെ ഓഫിസിൽ ഹാജരായിരുന്നില്ല. ഇദ്ദേഹത്തെ ഒന്നാം പ്രതിയാക്കി കേസെടുത്ത വിജിലൻസ് സംഘം കുടപ്പനക്കുന്നിലെ ഇദ്ദേഹത്തിന്റെ വീട്ടിൽ രാത്രി വൈകിയും പരിശോധന നടത്തിവരികയാണ്. അച്ഛന്റെ പേരിലുള്ള വസ്തു തന്റെ പേരിലേക്ക് പ്രമാണം ചെയ്തുകിട്ടുന്നതിന് സുരേഷ് കുമാർ വെള്ളിയാഴ്ച നേമം സബ് റജിസ്ട്രാർ ഓഫിസിൽ അപേക്ഷ നൽകാൻ എത്തിയിരുന്നു.
ഇതിനിടെ സുരേഷിനെ ഓഫിസ് അറ്റൻഡന്റ് ശ്രീജ സമീപിക്കുകയും സബ് റജിസ്ട്രാറെ കണ്ടാൽ എത്രയും വേഗം കാര്യം നടക്കുമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതനുസരിച്ച് സബ് റജിസ്ട്രാറെ സമീപിച്ച സുരേഷിനോട് 3000 രൂപ ശ്രീജയെ ഏൽപ്പിക്കാൻ ആവശ്യപ്പെട്ടു. സുരേഷ് ഇക്കാര്യം വിജിലൻസിനെ അറിയിക്കുകയായിരുന്നു. ഇന്നലെ ശ്രീജയുടെ നേമം പൊലീസ് ക്വാർട്ടേഴ്സ് റോഡിലെ വീട്ടിലും വിജിലൻസ് പരിശോധന നടത്തി.
No comments:
Post a Comment