Breaking

Wednesday, 14 December 2022

കൊല്ലം ശീമാട്ടി ഓർമ്മയായി. മെയിൻ റോഡിൽ കഴിഞ്ഞ 15 വർഷമായി പൂട്ടികിടന്ന ശീമാട്ടി ടെക്സ്റ്റൈൽസ് പൊളിച്ചടുക്കി


കൊല്ലം ശീമാട്ടി ഓർമ്മയായി. മെയിൻ റോഡിൽ കഴിഞ്ഞ 15 വർഷമായി പൂട്ടികിടന്ന ശീമാട്ടി ടെക്സ്റ്റൈൽസ് പൊളിച്ചടുക്കി.   


കേരളത്തിലെ വസ്ത്രവ്യാപാര രംഗത്ത് 112 വർഷം മുൻപ്, തന്റെ സഹോദരി ശീമാട്ടിയുടെ അനുഗ്രഹത്തോടെ എസ് വീരയ്യ റെഡ്ഢിയാർ ആരംഭിച്ച വ്യവസായം, അതിന്റെ ജൈത്രയാത്ര മറ്റിടങ്ങളിൽ അഭംഗുരം ഇപ്പോഴും തുടരുന്നു.


ആന്ധ്രായിൽനിന്നും തമിഴ്നാട് വഴി ആലപ്പുഴയ്ക്ക് വന്ന എസ് വീരയ്യ റെഡ്‌ഡിയാർ 1910 ൽ 4000 sq ft ൽ തുടങ്ങിവെച്ച ജൗളിക്കട, പതിയെപ്പതിയെ ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, പത്തനംതിട്ട, എറണാകുളം, കൊല്ലം, കായംകുളം, അടൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു.



റെഡ്ഢിയാരുടെ മൂത്തമകൻ കൃഷ്ണ സ്വാമി റെഡിയാർ തിരുവനന്തപുരത്തും, ഇളയമകൻ തിരുവെങ്കിടം കോട്ടയത്തും കൊച്ചിയിലും കടകൾ ആരംഭിച്ചു.കോട്ടയം മുതലാളി  കൊച്ചിയിലെ കട  മരുമകൻ കണ്ണനും മകൾ ബീനക്കുമായി പിന്നീട് തിരുവെങ്കിടം വിട്ടുനൽകി. കണ്ണന്റെ മരണശേഷം, 1980 ൽ 43 കോടി രൂപ കടത്തിൽ മുങ്ങിയ എറണാകുളം ശീമാട്ടി ഏറ്റെടുത്ത ബീന കണ്ണനെന്ന ചുറുചുറുക്കുള്ള സുന്ദരിയായ വനിത, ഇന്ന്കൊച്ചി നഗരത്തിൽ 5 ലക്ഷം sq ft വിസ്ത്രീതിയിൽ ജൗളി വ്യാപാരം ചെയ്യുന്നു. സ്ത്രീകളുടെ വസ്ത്ര ഫാഷൻ സങ്കൽപ്പങ്ങൾക്ക് അവർ പുതുചരിത്രം രചിച്ചു.


2017 ൽ അരകിലോമീറ്റർ നീളം വരുന്ന (86 സാരിയുടെ നീളം) പട്ടുസാരി നെയ്ത് ഗിന്നസ്സ് ബുക്കിലും, ലിംക്ക ബുക്ക്‌ ഓഫ് വേൾഡ് റെക്കോർഡിലും അവർ ഇടപിടിച്ചു.



ചെറുപ്പത്തിലേ മൂന്ന് കുഞ്ഞുങ്ങളുമായി ഏകയായ അവർ, ദൃഢ നിച്ഛയത്തോടെ പ്രതിസന്ധികൾ നേരിട്ട് പ്രശസ്തിയുടെ നെറുകയിൽ എത്തിനിൽക്കുന്നു. ഇപ്പോഴും കടയിലെത്തുന്ന ഓരോരുത്തരോടും കുശലം പറഞ്ഞ് ഇടപാടുകരുടെ സ്നേഹം കൈക്കലാക്കുന്ന അവരാണ് വാർത്ത താരം. കോവിഡ് കാലത്ത് 'ബീന കണ്ണൻ' എന്ന വിശ്വവിഖ്യാത ബ്രാൻഡ് പട്ടുസാരിയും ബീന കണ്ണൻ പുറത്തിറക്കി.


എസ് വീരയ്യ റെഡ്ഢിയാർ തന്നെയാണ് കൊല്ലത്ത് കട ആരംഭിക്കുന്നത്, ഏകദേശം എൺപത് വർഷങ്ങൾക്ക് മുൻപ്, ഏ ജനാർദ്ദനൻ പിള്ളയുടെ 'ദി ഫാഷൻ സിൽക്ക് സ്റ്റോർസ്' എന്ന കട കിടന്നിടത്തായിരുന്നു തുടക്കം. ആലപ്പുഴയിൽ നിന്നും കേവ് വള്ളത്തിലായിരുന്നു റെഡ്ഢിയാർ മുതലാളി ജൗളികൾ അയച്ചിരുന്നത്. വർഷങ്ങൾക്ക് ശേഷമാണ് ഇളയ മകൻ രാമചന്ദ്ര റെഡ്ഢിയാർ കൊല്ലത്തെ കട ഏറ്റെടുക്കുന്നത്. ഇപ്പോൾ ഡോക്ടർ മോഹന്റെയും (നായേർസ് ഹോസ്പിറ്റൽ) സഹോദരങ്ങളുടേയും പേരിലുള്ള ഇരുപത് സ്ഥലം  പാട്ടത്തിന്/വാടകക്കെടുത്താണ് നമ്മൾ കണികണ്ട ശീമാട്ടി എഴുപതോളം ജീവനക്കാരുമായി ആരംഭിച്ചത്.


ഓണത്തിനും, ക്രിസ്തുമസിനും,  പെരുനാളിനും കട മോഡിയായി അലങ്കരിച്ച് നിറയെ പുതുപുത്തൻ വസ്ത്രശേഖരവുമായി തുറന്നുവെച്ച ശീമാട്ടിയിലേക്ക് കയറാൻ ജനം ഒഴുകിയെത്തി. ഓണത്തിന് പ്രത്യേകം അലങ്കരിച്ച കടയിലെ കണ്ണാടിക്കൂട്ടിൽ പ്രദർശിപ്പിച്ച മഹാബലിയേയും,  ഊഞ്ഞാലാടുന്ന പെൺകുട്ടിയെയും, താഴെ അത്തപൂക്കളമിടുന്ന വീട്ടമ്മയെയും വഴിയാത്രക്കാർ അന്തം വിട്ട് നോക്കി നിന്നു. കോട്ടയത്തുള്ള നവരംഗ് എന്നുപേരുള്ള കലാകാരന്മാർ വന്നാണ് ഈ അലങ്കാരങ്ങൾ കൊല്ലത്തെ കടയിൽ നടത്തിയിരുന്നത്. തിരുവെങ്കിടത്തിന്റെ ബുദ്ധിയായിരുന്നു ഈ വ്യാപാരതന്ത്രം. ഹേമമാലിനിയും ശ്രീദേവിയും മറ്റ് തുണികടകളുടെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടപ്പോഴും കൈലിയുടുത്ത്, കറിക്കുപ്പുനോക്കുന്ന നാടൻ വീട്ടമ്മയെ പരസ്യത്തിൽ ശീമാട്ടി കാണിച്ചത് ജനത്തിന് കൗതുകമായി.


വർഷത്തിലൊരിക്കൽ നടത്തിവന്ന റിഡക്ഷൻ സെയിൽസ്  ആരംഭിക്കുന്ന ദിനം ആദ്യം കടയിൽ കയറിപ്പറ്റാൻ സ്ത്രീകൾ കടക്കുമുൻപിൽ അതിരാവിലേ വന്ന് ഇടം പിടിച്ചു.  തിരക്കുകൂടുമ്പോൾ പലദിവസങ്ങളിലും ഷട്ടർ ഇടേണ്ടിവന്നു. കൊല്ലം ശീമാട്ടിയുടെ റിഡക്ഷൻ സെയിൽസ് ഒരു സംഭവമായിരുന്നു.


1982 വരെ ഒരുമിച്ചായിരുന്നു  എല്ലായിടങ്ങളിലും സഹോദരങ്ങൾ വ്യാപാരം നടത്തിയത്. പരസ്യങ്ങൾ പൊതുവായിരുന്നു. പിന്നീട് സഹോദരങ്ങൾ പിരിഞ്ഞു, എങ്കിലും ശീമാട്ടി എന്ന പൊതുനാമം എല്ലാവരും ഉപയോഗിച്ചു.


രത്നമഹാൾ, രാധാസ്, കല്പ്പന, സുദർശന, ദി ഫാഷൻ സിൽക്ക് സ്റ്റോർസ്, പിന്നീട് സുധാകരൻ പിള്ള നടത്തിയ ഫാഷൻ തുടങ്ങിയതും ചെറുകടകളായ സുജാത, ജിയാജീ, ആനന്ദ ടെക്സ്റ്റൈൽസ്, ഫാൻസി ടെക്സ്റ്റൈൽസ്, ചാമകടയിൽ പാവപ്പെട്ടവരുടെ കട എന്ന് പേരുകിട്ടിയ കെ ആർ വി രാമയ്യർ & സൺസ് എന്നിവയൊക്കെയായിരുന്നു മെയിൻ റോഡിലെ മറ്റ് തുണികടകൾ. കൊല്ലം കമ്പോളത്തിന് ജീവൻ നൽകി നിലനിർത്തിയതിൽ ശീമാട്ടിക്കും വലിയ പങ്കുണ്ട്. തുണികടയിൽ വരുന്നവർ കൂട്ടത്തിൽ കയറുന്ന കടകളായിരുന്നു മിക്കതും. ചെരുപ്പു വാങ്ങാൻ ബാറ്റയും,  കുടക്കായി നേതാജിയും, ബാഗു വാങ്ങാൻ ടിപ്പ് ടോപ്പും, ബുക്ക്‌ വാങ്ങാൻ എം എസ് ബുക്ക്‌ ഡിപ്പോയും സ്റ്റീൽ പാത്രം വാങ്ങാൻ ശ്രീകുമാർ സ്റ്റീൽ പാലാസും അവർക്കുണ്ടായിരുന്നു. റേഡിയോ വാങ്ങാൻ കെ സി നായർ & കമ്പനി, ഷൺമുഖം അല്ലെങ്കിൽ സുന്ദരം സ്റ്റുഡിയോവിൽ എടുക്കുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കുടുംബ ചിത്രം മൗണ്ട് ചെയ്ത് ഫ്രെയിം ചെയ്യാനായി എം എം അബ്ദുൽ ഖാദർ & സൺസ്, തിരുപ്പനും കുട്ടികൂറ പൌഡറും ചാന്തും, ഗോപിപൊട്ടും വാങ്ങാനായി ബ്യൂട്ടി പാലസ്, ഓണക്കോടി ഉടുപ്പ് തൈയിപ്പിക്കാൻ സുദേവൻ മെസ്ത്രിയുടെ വിനോദ് ടൈലേർസ്, ക്രിസ്തുമസ് കേക്ക് വാങ്ങാൻ ചന്ദ്രണ്ണന്റെ ക്രൗൺ ബേക്കറി, പന്തും ബാറ്റും വാങ്ങാൻ സ്പോർട്സ് ലാൻഡ് അങ്ങനെയങ്ങനെ പോകുന്നു. വെറ്റെം പാക്കും ചുണ്ണാബും ചാമക്കടയിലെ കാക്കയുടെ കടയിൽ നിന്നും, കാഴ്ച്ച പൊയില നായിക്കിന്റെ കടയിൽ നിന്നും വാങ്ങി. ഏറ്റവും അവസാനം ഫ്രഷ് ഉപ്പും മുളകും പലചരക്കും എസ് ബി സ്റ്റോർസിൽ കിട്ടി.


ഷോപ്പിംഗ് കഴിഞ്ഞ് ഒരു ബിരിയാണി തിന്നാൻ ആസാധും അല്ലെങ്കിൽ മസാല ദോശ തിന്നാൻ പദ്മ കഫെയും ഗുരുപ്രസാധും തുറന്ന് വെച്ചിരുന്നു.


കൊല്ലം ശീമാട്ടിയുടെ പതനം ആരംഭിച്ചതോടെ മെയിൻ റോഡ് തളർന്നു തുടങ്ങി. അവസാനമവസാനം കടയിലെ പ്രതിമകൾ വെള്ളതുണി കൊണ്ട് മൂടിവെച്ച് രണ്ടോ മൂന്നോ ജോലിക്കാർ മാത്രമായി. തുണിയെല്ലാം പഴകി മടക്കുകളിൽ അഴുക്കുപുരണ്ട നിലയിലായിരുന്നു. മെയിൻ റോഡിൽ ഉണ്ടായിരുന്ന തുണിക്കടകൾ ഒന്നൊന്നായി പൂട്ടി. നഗരത്തിലെ മറ്റിടങ്ങളിൽ ചെറുതും വലുതുമായ ധാരാളം ആധുനിക ജൗളി വ്യാപാരികൾ വന്നതോടെ നമ്മുടെ മെയിൻ റോഡ് നിർജീവമായി.


1979 മുതൽ 2006 വരെ ശീമാട്ടിയിൽ ജോലി ചെയ്തിരുന്ന ദേവരാജൻ പിള്ള ശീമാട്ടി കാലം അയവിറക്കുമ്പോൾ ഇപ്പോഴും അഭിമാനിക്കുന്നു. 2006 ൽ ആർ കരുണാകരൻ എന്ന വ്യവസായി ചെറിയ രീതിയിൽ കാക്കതൂറുന്ന ആലിന്റെ ചുവട്ടിൽ ആരംഭിച്ച ആർ കെ സാരിസിന്റെ പുതിയ കടയിൽ ഇന്നും ജോലി ചെയ്യുന്ന ദേവരാജന് ആശംസകൾ.


ഇന്നലെ അന്തരിച്ച മെയിൻ റോഡിലെ ആദ്യകാല വ്യാപാരി കെ ആർ വി രാമയ്യരുടെ മകൻ വി ശിവസുബ്രഹ്മണിയന്റെ (70) ഓർമ്മക്ക് (സ്വാമീസ് ടെക്സ്റ്റൈൽസ്) ഈ പോസ്റ്റ്‌.


കെ ആർ രവി മോഹൻ

കൊല്ലം 12  Ph 9446310024

No comments:

Post a Comment