തിരുവനന്തപുരം: നെയ്യാറ്റിൻകര കെഎസ്ആർടിസി ബസിൽ, കുഴഞ്ഞു വീണ യാത്രക്കാരിക്ക് ഡ്രൈവറും കണ്ടക്ടറും രക്ഷകരായി. അവണാകുഴി വെൺപകൽ വൃന്ദ ഭവനിൽ വൃന്ദയാണ് (25) വെൺപകൽ – മെഡിക്കൽ കോളജ് ബസിൽ കുഴഞ്ഞു വീണത്.
ഇന്നലെ രാവിലെ എട്ടരയോടെ കരമനയിലാണ് സംഭവം. വൃന്ദയുടെ ഭർത്താവ് രഞ്ജിത്തിന് തിരുമലയിൽ വച്ച് കോൺക്രീറ്റ് ജോലിക്കിടെ അപകടം സംഭവിച്ചിരുന്നു. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഭർത്താവിന്റെ അടുക്കലേക്ക് എത്തുന്നതിനിടെയാണ് വൃന്ദ കുഴഞ്ഞു വീണത്. രണ്ടു ദിവസമായി വൃന്ദയ്ക്കു പനിയായിരുന്നു. രക്തസമ്മർദം താണു പോയതിനെ തുടർന്നാണ് കുഴഞ്ഞു വീണതെന്ന് ഡോക്ടർമാർ അറിയിച്ചു.
സംഭവം ശ്രദ്ധയിൽപെട്ട ഉടൻ ഡ്രൈവർ ഷംജുവും കണ്ടക്ടർ ഷിബിയും ചേർന്ന് അവരെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.. ബസ് ഹെഡ് ലൈറ്റ് തെളിയിച്ചും ഉച്ചത്തിൽ ഹോൺ മുഴക്കിയും മിനിട്ടുകൾക്കുള്ളിൽ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ മുന്നിൽ എത്തിച്ചപ്പോൾ അത്യാഹിത വിഭാഗത്തിൽ ആരുമുണ്ടായില്ല. ഒടുവിൽ ഷംജു തന്നെ ബസിൽ നിന്ന് വൃന്ദയെ താങ്ങിയെടുത്ത് അത്യാഹിതവിഭാഗത്തിൽ എത്തിച്ചു.ഷംജുവിനെയും ഷിബിയെയും കെഎസ്ആർടിസി എംഡി: ബിജു പ്രഭാകർ, കെ.ആൻസലൻ എംഎൽഎ തുടങ്ങിയവർ അനുമോദിച്ചു. കോഴിക്കോട് താമരശേരി സ്വദേശിയാണ് വി.കെ.ഷംജു, ഷിബി മാരായമുട്ടം സ്വദേശിയാണ്.
No comments:
Post a Comment