Breaking

Friday, 18 November 2022

മുക്കുപണ്ടം പണയം വച്ച് പണം തട്ടി; ദമ്പതികൾ അറസ്റ്റിൽ


തിരുവനന്തപുരം :കഴക്കൂട്ടം വ്യാജ തിരിച്ചറിയൽ കാർഡ് നൽകി സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത കേസിൽ യുവതിയും ഭർത്താവും അറസ്റ്രിൽ. കാട്ടാക്കട നരുവാമൂട് സ്വദേശി സോണിയ എന്ന് വിളിക്കുന്ന ജോമോൾ (21)​,​ ഭർത്താവ് കഴക്കൂട്ടം കുളത്തൂർ ചിത്തിര നഗറിൽ പുതുവൽ മണക്കാട് വീട്ടിൽ അഖിൽ(22)​എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.


വ്യാജമായി നിർമ്മിച്ച ആധാർ കാർഡും മുക്കുപണ്ടങ്ങളും നൽകി തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച കഠിനംകുളം മരിയനാട് അജന്ത ഹൗസിൽ അജീവ് അഡ്രൂസ് ഒളിവിലാണെന്നും ഇയാളെ പിടികൂടുന്നതിനുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായും കഠിനംകുളം പൊലീസ് എസ്.എച്ച് സാജു ആന്റണി അറിയിച്ചു. ഇയാൾ സഞ്ചരിച്ച കാർ കഴക്കൂട്ടത്തു നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.


ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു തട്ടിപ്പ്. കഠിനംകുളത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 5 വളകളുമായി എത്തിയ യുവതിയും യുവാവും ഇത് പണയം വച്ച് ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടു. ബാങ്ക് ജീവനക്കാരൻ 70000 രൂപ നൽകിയശേഷം ബാക്കി തുക അടുത്ത ദിവസം നൽകാമെന്നു പറഞ്ഞു.ബുധനാഴ്ച രാവിലെ ബാങ്ക് ഉടമ ഈ വളകൾ ദേശസാത്കൃത ബാങ്കിൽ പണയം വയ്ക്കാൻ എത്തിയപ്പോഴാണ് അത് മുക്കുപണ്ടമാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് കഠിനംകുളം പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസിന്റെ നിർദേശപ്രകാരം അഖിലിനെയും ജോമോളെയും ബാക്കി തുക നൽകാമെന്നു പറഞ്ഞ് പണമിടപാട് സ്ഥാപനത്തിലേക്കു വിളിച്ചുവരുത്തി. തുടർന്നാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഒളിവിൽ പോയ അജീവ് അഡ്രൂസ് കമ്മീഷൻ വ്യവസ്ഥയിലാണ് പ്രതികളെ കൊണ്ട് പണയതട്ടിപ്പ് നടത്തുന്നതെന്നും ഇതിന് സമാനമായ തട്ടിപ്പ് നേരത്തെ നടന്നിട്ടുണ്ടെന്നും കഠിനംകുളം പൊലീസ് പറഞ്ഞു

No comments:

Post a Comment