വിലങ്ങണിഞ്ഞ കൈകളുമായി വേമ്പനാട്ട് കായൽ നീന്തിക്കടന്ന് പതിനൊന്നുകാരി. കോതമംഗലം സ്വദേശി ലയ ബി.നായരാണ് ബന്ധിച്ച കൈകളുമായി മൂന്നരക്കിലോമീറ്റർ കായലിനു കുറുകെ നീന്തിയത്. ആലപ്പുഴ തവണക്കടവിൽ നിന്ന് തുടങ്ങി വൈക്കം കായലോര ബീച്ചിലാണ് ആറാം ക്ലാസ്സുകാരി ഒന്നേകാൽ മണിക്കൂറുകൊണ്ട് നീന്തികയറിയത്.
പോള പായൽ തിങ്ങിനിറഞ്ഞ കായലിലെ വെല്ലുവിളി അതിജീവിച്ചായിരുന്നു ലയയുടെ നീന്തലിന്റെതുടക്കം. അരൂർ MLA ദലീമ ജോജോയാണ് ലയയുടെ കൈകളിൽ വിലങ്ങ് അണിയിച്ചു. ബന്ധുക്കളുടെ അനുഗ്രഹവും വാങ്ങിയായിരുന്നു ലയയുടെ സാഹസിക നീന്തലിന്റെ തുടക്കം. എട്ട് ഇരുപത്തഞ്ചോടെ നീന്തൽ പരിശീലകനായ പിതാവ് ബിജു തങ്കപ്പന്റെ കൈപിടിച്ച് കായലിലേക്ക്.
മുമ്പെ നീന്തിയ പിതാവിന്റെ പിന്നാലെ ബന്ധിച്ച കൈകളുമായുള്ള പതിനൊന്ന് കാരിയുടെ നീന്തലിന് മൂന്നര കിലോമീറ്ററിനപ്പുറം മറുകരയായിരുന്നു ലക്ഷ്യം. രണ്ട് വള്ളങ്ങളിൽ കൈയ്യടിച്ച് പ്രോൽസാഹനവുമായി ബന്ധുക്കളും ഒപ്പം കൂടി. അനുമോദിക്കാനെത്തിയ കോട്ടയം എം.പി.തോമസ് ചാഴിക്കാടൻ ലയയുടെ കൈവിലങ്ങ് അഴിച്ചു.
കോതമംഗലം സ്വദേശി ബിജു തങ്കപ്പന്റെയും വാരപ്പെട്ടി പഞ്ചായത്ത് അംഗം ശ്രീകലയുടെയും മകളാണ് ലയ .രണ്ട് വർഷം മുമ്പ് നീന്തൽ പഠിച്ച ശേഷം പഞ്ചായത്ത് കുളത്തിലെ തുടർച്ചയായ പരിശീലനത്തിന്റെ പിൻബലത്തിലാണ് ലയ ബന്ധിച്ച കൈകളുമായി വേമ്പനാട്ട് കായൽ നീന്തിക്കയറിയത്. അഞ്ച് വയസുകാരനടക്കമുള്ള മൂന്ന് പേർ മുൻപ് സമാനമായ സാഹസിക നീന്തൽ നടത്തിയിട്ടുണ്ട്.
No comments:
Post a Comment