വർക്കല:വ്യാജരേഖ ചമച്ച് കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തികൊണ്ട് കേരളാ ബാങ്കിൽ നിന്നും വായ്പാ തട്ടാൻ ശ്രമം. സംഭവത്തിൽ രണ്ട് സ്ത്രീകളെ വർക്കല പോലീസ് പിടികൂടി. വർക്കല സ്വദേശിനികളായ സൽമ , രേഖ വിജയൻ എന്നിവർക്ക് എതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. വർക്കല നഗരസഭ പരിധിയിലെ പതിനാറാം വാർഡിലെ കുടുംബശ്രീ യൂണിറ്റിന്റെ പേരിൽ വ്യാജരേഖകൾ തയാറാക്കി ബാങ്കിൽ വായ്പയ്ക്കായി നൽകുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
നഗരസഭയുടെ സിഡിഎസ്സിലെ വ്യാജ ലെറ്റർ പാഡും മെമ്പർ സെക്രട്ടറിയുടെയും ചെയർപേഴ്‌സൺന്റെയും വ്യാജസീലുകളും പതിച്ച ശുപാർശ ലെറ്ററും അഫിലിയഷൻ സർട്ടിഫിക്കറ്റും ഹാജരാക്കിയാണ് ബാങ്കിൽ നിന്നും വായ്പയ്ക്കായി അപേക്ഷ നൽകിയത്. കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തികൊണ്ടു 27 ജെ.എൽ ജി യൂണിറ്റുകൾ വ്യാജമായി ഉണ്ടാക്കി 81 ലക്ഷം രൂപയ്ക്കുള്ള ലോണിന് പേപ്പറുകൾ തയ്യാറാക്കി കേരള ബാങ്കിന് നൽകുകയായിരുന്നു.
എന്നാൽ അപേക്ഷയിലെ ഒപ്പിലും സീലിലും ഒക്കെ സംശയം തോന്നിയ ബാങ്ക് അധികൃതർ നഗരസഭാ സിഡിഎസ്സിനെ പുനഃപരിശോധനയ്ക്കായി ബന്ധപ്പെടുകയായായിരുന്നു. പരിശോധനയിൽ ബാങ്കിന് സമർപ്പിച്ചിട്ടുള്ള രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് നഗരസഭാ സൂപ്രണ്ട് നിയമനടപടികൾ സ്വികരിക്കുവാനായി ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടത് . തുടർന്ന് ബാങ്ക് അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേർക്ക് എതിരെ പോലീസ് കേസെടുത്തത്.
No comments:
Post a Comment