തിരുവനന്തപുരം : കോവളത്ത് ഹോട്ടലിൽ ഉറുമ്പരിച്ച നിലയിൽ കണ്ടെത്തിയ അമേരിക്കൻ പൗരൻ ഇർവിൻ ഫോക്സ് (77) അന്തരിച്ചു. കഴിഞ്ഞ നവംബർ 22 നാണ് ഹോട്ടലിൽ പൂട്ടിയിട്ട നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. ഒരു വീഴ്ചയെത്തുടർന്ന് ചലനരഹിതനായി കിടപ്പിലായിരുന്ന അദ്ദേഹത്തിന് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുവാൻ കഴിയാത്ത അവസ്ഥയായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം കേരള സാമൂഹിക നീതി വകുപ്പിന്റെ സഹായത്തോടെ ജീവകാരുണ്യ സംഘടനയായ പാലിയം ഇന്ത്യയുടെ ഈഞ്ചക്കലിലെ പരിചരണവിഭാഗത്തിൽ കഴിയുകയായിരുന്നു.
ചികിത്സയെ തുടർന്ന് സുഖം പ്രാപിച്ച ഇർവിന് സംസാരിക്കാനും എഴുന്നേറ്റിരിക്കാനും കഴിഞ്ഞുവെങ്കിലും നടക്കാൻ കഴിയുമായിരുന്നില്ല. സ്വന്തം നാട്ടിലെത്തിക്കാൻ അമേരിക്കൻ കോൺസുലേറ്റിന് ആവശ്യമായ രേഖകൾ ഇല്ലാതിരുന്നതിനാൽ പാലിയേറ്റീവ് ക്ലിനിക്കിൽ തുടരാൻ അനുവദിക്കുകയായിരുന്നു. ഇർവിൻ ഫോക്സ് കഴിഞ്ഞ 10 വർഷമായി കേരളത്തിലാണ് താമസിച്ചിരുന്നത്. മൃതദേഹം തുടർനടപടികൾക്കായി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
No comments:
Post a Comment