Breaking

Saturday, 24 September 2022

പുനലൂരിൽ പ്രണയം നിരസിച്ചു; യുവതിയേയും ബന്ധുക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ


പുനലൂർ: പ്രണയം നിരസിച്ചതിനെ തുടർന്ന് യുവതിയേയും ബന്ധുക്കളെയും അയൽവാസികളെയും വീട്ടിൽ കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മണിയാറിലാണ് സംഭവം. പുനലൂർ അഷ്ടമംഗലം അനുഭവനിൽ മോഹനൻ മകൻ അനു മോഹൻ(28) ആണ് അറസ്റ്റിലായത്.


ഇയാൾ കഴിഞ്ഞ കുറച്ചു നാളായി അയൽവാസിയായ യുവതിയെ പ്രണയത്തിൻ്റെ പേരിൽ ശല്യപ്പെടുത്തിയിരുന്നു. ഈ ബന്ധത്തിൽ താല്പര്യമില്ല എന്ന് യുവതി അറിയിച്ചിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി ഇന്നലെ വൈകുന്നേരം നാലുമണിയോടെ യുവതിയുടെ വീട്ടിലെത്തുകയും വീട്ടിലുണ്ടായിരുന്ന യുവതിയെയും ബന്ധുക്കളെയും ഉപദ്രവിക്കുകയും ബഹളം കേട്ട് ഓടിവന്ന അയൽവാസികളെയും ഉപദ്രവിക്കുകയും കല്ലുവച്ച് തലയിൽ ഇടിക്കുകയും ചെയ്തിരുന്നു.


പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ വീട്ടുകാർ പുനലൂർ ഡി വൈ എസ് പി വിനോദിന് പരാതിനൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പുനലൂർ പോലീസ് കേസ് രജിസ്റ്റർ അന്വേഷണം നടത്തിയതിൽ ആണ് പ്രതി പിടിയിലായത്. പുനലൂർ പോലീസ് ഇൻസ്പെക്ടർ രാജേഷ് കുമാർ, എസ്ഐമാരായ ഹരീഷ്, ജീസ് മാത്യു, രാജശേഖരൻ, സിപിഒമാരായ അജാസ് കബീർ, രഞ്ജിത്ത്, അജീഷ് എന്നിവർ ചേർന്ന് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി യുവതിയെ കൊലപ്പെടുത്താൻ ആലോചിച്ചു വരികയായിരുന്നുവെന്ന് ചോദ്യംചെയ്യലിൽ പ്രതി സമ്മതിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

No comments:

Post a Comment