പാരിപ്പള്ളി: മുൻവിരോധത്തിൽ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണവും മറ്റും മോഷണം നടത്തിയ പ്രതികളെ പോലീസ് പിടികൂടി. പാരിപ്പള്ളി വിളയിൽ വീട്ടിൽ അനന്തു (24), പാരിപ്പള്ളി കാവടികോണം രാജ വിലാസത്തിൽ നിധിൻ (31), പൂതക്കുളം വേപ്പലുംമൂട് പുന്നവിള വീട്ടിൽ സുനിൽ കുമാർ (53), പാരിപ്പള്ളി മൈലവിള അമിനുദ്ദീൻ മൻസിലിൽ അനസ് (34) എന്നിവരാണ് പോലീസ് പിടിയിൽ ആയത്.
കൊട്ടാരക്കര വെട്ടിക്കവല ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ അശോക് കുമാറിനെയാണ് സംഘം ആക്രമിച്ച് പരിക്കേൽപ്പിക്കുകയും പണവും മൊബൈൽ ഫോണും അപഹരിക്കുകയും ചെയ്തത്. 17/08/2022 വൈകിട്ട് 03.30 മണിയോടെ വെട്ടിക്കവല സ്റ്റാൻഡിൽ നിന്നും അശോക് കുമാറിന്റെ വാഹനത്തിൽ കയറിയ സുനിൽ കുമാർ തന്ത്രപൂർവ്വം ഇയാളെ പാരിപ്പള്ളി ഐ.ഒ.സി പ്ലാന്റിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ എത്തിക്കുകയായിരുന്നു. ഇവിടെ വെച്ച് മറ്റു പ്രതികളും ചേർന്ന് അശോക് കുമാറിനെ മർദ്ദിച്ച് അവശനാക്കുകയും വാഹനത്തിലുണ്ടായിരുന്ന 5600 രൂപയും മൊബൈൽ ഫോണും മോഷ്ടിക്കുകയുമായിരുന്നു.
മുൻപ് അശോക് കുമാറിന്റെ ഓട്ടോറിക്ഷ കുത്തിതുറന്ന് മോഷണം നടത്താൻ പ്രതികൾ ശ്രമം നടത്തിയതിനെതിരെ പോലീസിൽ പരാതിപ്പെട്ടതിലുള്ള വിരോധത്തിലാണ് പ്രതികൾ സംഘം ചേർന്ന് ഇയാളെ മർദ്ദിച്ചത്. തുടർന്ന് നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പാരിപ്പള്ളി പോലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പാരിപ്പള്ളി ഇൻസ്പെക്ടർ അൽജബ്ബാറിന്റെ നേതൃത്വത്തിൽ എസ്.ഐ സുരേഷ്കുമാർ, എ.എസ്.ഐ സാബുലാൽ, പ്രകാശ് സി.പി.ഓ സജു, വിമൽ, ബിജു എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
No comments:
Post a Comment