Breaking

Monday, 29 August 2022

തലസ്ഥാനത്ത് എംഡിഎംഎ വേട്ട; എട്ട് യുവാക്കൾ അറസ്റ്റിൽ


തിരുവനന്തപുരം: തലസ്ഥാനത്ത് എംഡിഎംഎ വേട്ട. നഗരത്തിൽ വിൽക്കാൻ കൊണ്ടുവന്ന എംഡിഎംഎയുമായി എട്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ- വഞ്ചിയൂർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.നഗരത്തിൽ വിദ്യാർത്ഥികള്‍ക്കിടയില്‍ വിൽക്കാനായി കൊണ്ടുവന്ന എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. 


വലിയതുറ സുലൈമാൻ സ്ട്രീറ്റിലെ ഒരു വീട്ടിൽ എംഡിഎംഎയുമായി യുവാക്കള്‍ ഒത്തുകൂടിയെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസിന്‍റെ പരിശോധന. ഇവിടെയെത്തിയപ്പോള്‍ പൊലീസ് കണ്ടത് ബെംഗളൂരിൽ നിന്നും കൊണ്ടുവന്ന മയക്കുമരുന്ന് ചെറിയ പായ്ക്കറ്റുകളിലാക്കി വിൽപ്പനയ്ക്കായി തയ്യാറാക്കുകയായിരുന്നു. ഷിഹാസ്, അച്ചു, സൈദലി, അൽ-അമീൻ, അൻസൽ റഹ്മാൻ, ഷാനു എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

 

വഞ്ചിയൂരിൽ വാഹന പരിശോധനക്കിടെ സംശയാസ്പദമായി കണ്ടെത്തിയ ബെൻസൻ, പിനോ പെരേര എന്നിവരിൽ നിന്നും എംഡിഎംഎ പിടികൂടി. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ ഇവർ നഗരത്തിൽ മയക്കമരുന്ന് വിൽപ്പനയ്ക്കായി എത്തിയതാണെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ നിന്നും പണവും പൊലീസിന് ലഭിച്ചു. മയക്കുമരുന്ന് വിറ്റ് കിട്ടിയതാണ് പണമെന്ന് ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു. ശംഖുമുഖം അസി. കമ്മീഷണർക്ക് ലഭിച്ച വിവരത്തെ തുടർന്നായിരുന്നു രണ്ട് സ്ഥലത്തും പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.

No comments:

Post a Comment