കുറ്റിപ്പുറം: അബുദാബിയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്മോർട്ടം നടത്തി. രാങ്ങാട്ടൂർ കമ്പനിപ്പടി കുന്നക്കാട്ട് അബൂബക്കറിന്റെയും ഫാത്തിമയുടെയും മകളും കടലുണ്ടി ആനങ്ങാടി വയൽപീടിയേക്കൽ മുഹമ്മദ് റാസിഖിന്റെ ഭാര്യയുമായ അഫീല (27)യുടെ മൃതദേഹമാണ് മഞ്ചേരി മെഡിക്കൽകോളജ് ആശുപത്രിയിലെത്തിച്ച് വെള്ളിയാഴ്ച വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയത്.
അഫീലയെ അബുദാബിയിലെ ഷഹാമ റഹ്ബയിലെ ഭർത്താവിന്റെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി ജൂൺ 11-നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. മരണം സംബന്ധിച്ചു ഭർത്താവ് നൽകിയ വിവരങ്ങളിൽ സംശയങ്ങൾ ഉണ്ടായതിനെത്തുടർന്ന് വീട്ടുകാർ അന്വേഷണം ആവശ്യപ്പെട്ടു യു.എ.ഇ.യിലെ ഇന്ത്യൻ എംബസിക്കും മലപ്പുറം എസ്.പി, തിരൂർ ഡിവൈ.എസ്.പി. എന്നിവർക്കും പരാതി നൽകി. തുടർന്നാണ് വീണ്ടും പോസ്റ്റ്മോർട്ടത്തിന് നടപടിയായത്.
തിരൂർ തഹസിൽദാർ പി. ഉണ്ണിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം പോലീസ് മൃതദേഹ പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിനുശേഷം തിരുനാവായയിലെ തറവാട്ടു വീട്ടിൽ മൃതദേഹം എത്തിച്ചു. മൃതദേഹം കാണാൻ ഇവരുടെ ഏക മകൻ നാലുവയസ്സുകാരനായ മുഹമ്മദ് സിയാനെ പോലീസ് ഇടപെട്ടിട്ടും ഭർത്താവിന്റെ വീട്ടുകാർ എത്തിച്ചില്ലെന്ന പരാതിയും ബന്ധുക്കൾ ഉയർത്തി. എട്ടുവർഷംമുൻപായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം സ്ത്രീധനത്തെച്ചൊല്ലി ഭർത്താവും വീട്ടുകാരും അഫീലയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായും പലവട്ടം ബന്ധുക്കൾ ഇടപെട്ട് ഒത്തുതീർപ്പാക്കിയതായും അഫീലയുടെ പിതാവ് കുറ്റിപ്പുറം സി.ഐ.ക്ക് നൽകിയ പരാതിയിൽ പറയുന്നു.
മാർച്ചിലാണ് അഫീലയെയും കുട്ടിയെയും മുഹമ്മദ് റാസിഖ് അബുദാബിയിലേക്ക് കൊണ്ടുപോകുന്നത്.
അബുദാബിയിലെത്തിയശേഷവും മർദിച്ചിരുന്നതായി അഫീല വീട്ടുകാരെ അറിയിച്ചിരുന്നു. മർദനത്തിൽ ശരീരത്തിലുണ്ടായ ക്ഷതങ്ങളുടെ ഫോട്ടോകൾ സഹോദരി സഫീലയ്ക്ക് അഫീല അയച്ചു കൊടുത്തു. ഭർത്താവിന്റെ പീഡനത്തെക്കുറിച്ച് സങ്കടത്തോടെ വിവരിക്കുന്ന ശബ്ദരേഖകളും അഫീല സഹോദരിക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.
No comments:
Post a Comment