പ്രമുഖ സ്വകാര്യ ബാങ്കിലെ അകൗണ്ടിൽ തിരിമറി നടത്തി കോടികൾ തട്ടിയെടുത്ത കേസിൽ ഒരാൾ പോലീസ് പിടിയിൽ. തിരുവനന്തപുരം വെമ്പായം കൊഞ്ചിറ പോക്കുന്നിൽ സജീബ് മൻസിലിൽ അലി അക്ബർ മകൻ സാജിദ് (36) അണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.
ശക്തികുളങ്ങരയിലെ പ്രമുഖ സ്വകാര്യ ബാങ്കിൽ നിന്നും 2016 മുതൽ 2021 വരെയുള്ള കാലയളവിൽ സ്ഥിര നിക്ഷേപം നടത്തിയിരുന്ന പതിനൊന്ന് പേരുടെ അകൗണ്ടുകളിൽ നിന്നാണ് തിരിമറി നടത്തി പണം അപഹരിച്ചത്. ഈ കാലയളവിലെ ശക്തികുളങ്ങര ശാഖയിലെ ബാങ്ക് മാനേജറും സാജിദും മറ്റ് അഞ്ചുപേരും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. ശക്തികുളങ്ങര പോലീസ് സ്റ്റേഷനിൽ നിലവിലെ ബാങ്ക് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി തിരിച്ചറിയുന്നത്.
സ്വകാര്യ ബാങ്കിന്റെ ശക്തികുളങ്ങര ശാഖയിൽ സ്ഥിരനിക്ഷേപമുണ്ടായിരുന്ന പതിനൊന്ന് അകൗണ്ടിൽ നിന്നായി ഒന്നേമുക്കാൽ കോടിയോളം രൂപ ഉടമകൾ അറിയാതെ ഓവർ ഡ്രാഫ്റ്റായി പ്രതികൾ വ്യാജമായി നിർമ്മിച്ച ഐ.ടി കമ്പനിയുടെ പേരിലുള്ള ബാങ്ക് അകൗണ്ടിലെക്ക് മാറ്റുകയായിരുന്നു. പിന്നീട് ഈ പണം അഞ്ചുപേരും ചേർന്ന് വീതിച്ചെടുക്കുകയും ചെയ്തു. ഇവർ പണമിടപാട് നടത്തിയ ഐടി കമ്പനി വ്യാജമായി നിർമ്മിച്ചതാണെന്നും തട്ടിപ്പിൽ ബാങ്ക് മാനേജർക്ക് സഹായം നൽകിയ നാലുപേർ കൂടി ഉണ്ടെന്നും കണ്ടെത്തി. തട്ടിപ്പ് നടത്തിയ ബാങ്ക് മാനേജർ ഉൽപ്പെടെ ബാക്കിയുള്ളവർ നിലവിൽ വിദേശരാജ്യത്ത് ഒളിവിലാണ്, സാജിദ് ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടയിലാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.
കേസിലെ ബാക്കി പ്രതികളെ ഉടൻ തന്നെ നിയമത്തിന് മുന്നിൽ എത്തിക്കുമെന്ന് കൊല്ലം സിറ്റി പോലീസ് മേധാവിനാരായണൻ റ്റി ഐ.പി.എസ് അറിയിച്ചു. കൊല്ലം എ.സി.പി ജി.ഡി.വിജയകുമാറിന്റെ മേൽനോട്ടത്തിൽ ശക്തികുളങ്ങര ഇൻസ്‌പെക്ടർ യൂ. ബിജൂവിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ ആശ ഐ.വി എ.എസ്സ്.ഐമാരായ അനിൽകുമാർ, ഡാർവിൻ, എസ്.സി.പി.ഒ ശ്രീലാൽ എന്നിവരടങ്ങിയസംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.
No comments:
Post a Comment