വട്ടിയൂർക്കാവ്: 221 രൂപ ബില്ലടയ്ക്കാൻ വൈകിയതിന് ഒറ്റയ്ക്കു താമസിക്കുന്ന വയോധികയുടെ വീട്ടിലെ ഫ്യൂസൂരി . പണമടച്ചിട്ടും രണ്ടുദിവസം കഴിഞ്ഞാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. മൂന്നാംമൂട് മഞ്ചൻപാറ പുതുവൽപുത്തൻ വീട്ടിൽ ഗോമതിയുടെ (68) വീട്ടിലെ ഫ്യൂസാണ് ഊരിയത്.
ഗോമതിയുടെ ഭർത്താവ് ബാബു വർഷങ്ങൾക്കു മുൻപ് മരിച്ചു. മക്കളായ സിനി, ബിനു എന്നിവരും സ്ഥലത്തില്ല. തൊഴിലുറപ്പ് ജോലി, വാർധക്യ പെൻഷൻ എന്നിവയിൽനിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് ഷീറ്റിട്ട ചെറിയ വീട്ടിൽ ഗോമതി കഴിയുന്നത്.തൊഴിലുറപ്പ് ജോലിയിൽ നിന്നുള്ള വരുമാനം മൂന്നുമാസമായി കിട്ടാതായതോടെ ദുരിതം കൂടി. വൈദ്യുതി ബിൽ തുകയായ 221 രൂപ അടയ്ക്കാനുമായില്ല. തുക അടയ്ക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയായിരുന്നു. വെള്ളിയാഴ്ച ജീവനക്കാരെത്തി വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു.
തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് വിവരം ഗോമതി അറിയുന്നത്. മൂന്നാംമൂട് ജങ്ഷനിൽ കട നടത്തുന്ന യുവാവ് രാത്രിയോടെ മൊബൈൽ ഫോൺ വഴി തുക അടച്ചു. തുടർന്ന് വട്ടിയൂർക്കാവ് സെക്ഷൻ ഓഫീസിൽ ഇക്കാര്യം അറിയിച്ചതായി ഗോമതി പറഞ്ഞു. ആകെയുണ്ടായിരുന്ന മണ്ണെണ്ണ വിളക്ക് ആടുകളുടെ കൂട്ടിൽവെച്ച ശേഷം, ഗോമതി ഇരുട്ടിൽ കഴിഞ്ഞു.ശനിയാഴ്ച രാവിലെ ജീവനക്കാർ എത്തിയില്ല. തുടർന്നും ഓഫീസിൽ വിളിച്ചു. ഫ്യൂസ് അവിടെയുണ്ടെന്നും എടുത്ത് കുത്തിയാൽ മതിയെന്നുമായിരുന്നു മറുപടി. ഫ്യൂസ് വെക്കാൻ ശ്രമിച്ചപ്പോൾ ഷോക്കേറ്റതോടെ ശ്രമത്തിൻനിന്നു പിന്മാറിയതായി ഗോമതി പറഞ്ഞു.ഒടുവിൽ നാട്ടുകാരിലൊരാൾ ഞായറാഴ്ച ഫ്യൂസ് സ്ഥാപിച്ചതോടെയാണ് വീട്ടിൽ വൈദ്യുതി എത്തിയത്.
No comments:
Post a Comment