Breaking

Monday, 20 June 2022

SFI മാര്‍ച്ചിനിടെ സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐയെ സമരക്കാരനെന്ന് കരുതി പൊലീസ് വാനില്‍ കയറ്റാന്‍ ശ്രമം.

 


പാലക്കാട്: എസ്.എഫ്.ഐ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐയെ ആളുമാറി പൊലീസുകാര്‍ വാനില്‍ കയറ്റാന്‍ ശ്രമിച്ചത്.


പാലക്കാട് നടന്ന എസ്.എഫ്.ഐ മാര്‍ച്ചിനിടെയാണ് രസകരമായ സംഭവം. അഗ്നിപഥ് പദ്ധതിയ്ക്കെതിരെ പാലക്കാട് ഹെഡ് പോസ്റ്റോഫീസിലേക്ക് SFI നടത്തിയ മാര്‍ച്ചിനിടെയാണ് പൊലീസിന് ആളു മാറിയത്.


എസ് എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ സ്ഥലത്തുണ്ടായിരുന്നു സ്പെഷല്‍ ബ്രാഞ്ച് എസ് ഐ സത്യനെ മുട്ടിക്കുളങ്ങര KAP ക്യാമ്ബില്‍ നിന്നെത്തിയ പൊലീസുകാര്‍ കോളറില്‍ പിടിച്ച്‌ വാനില്‍ കയറ്റാന്‍ ശ്രമിച്ചത്.


സ്പെഷല്‍ ബ്രാഞ്ചിലായതിനാല്‍ മഫ്തിയിലായിരുന്നു എസ്‌ഐ സത്യന്‍. മുട്ടിക്കുളങ്ങര ക്യാമ്ബില്‍ നിന്നെത്തിയവര്‍ സമരക്കാരനാണെന്ന് കരുതിയാണ് ഇദ്ദേഹത്തെ വാനില്‍ കയറ്റാന്‍ ശ്രമിച്ചത്. ഒടുവില്‍ അമളി മനസ്സിലായതോടെ കോളറില്‍ പിടിച്ച പൊലീസുകാരന്‍ ക്ഷമ പറഞ്ഞ് തടിയൂരി.


സ്ഥലത്തുണ്ടായിരുന്ന മുതിര്‍ന്ന പൊലീസുദ്യോഗസ്ഥരാണ് സത്യന്‍ സ്പെഷല്‍ ബ്രാഞ്ച് എസ് ഐ ആണെന്ന് ക്യാമ്ബില്‍ നിന്നും വന്നവരോട് പറഞ്ഞത്. സമര സ്ഥലത്ത് പൊലീസ് ആളുമാറി മര്‍ദ്ദിക്കുന്ന സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥനെ ആളുമാറി വാനില്‍ തള്ളി കയറ്റാന്‍ ശ്രമിക്കുന്നത് ആദ്യമാണ്.


പാലക്കാട് നഗരം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സ്പെഷല്‍ ബ്രാഞ്ച് എസ് ഐയാണ് സത്യന്‍. നഗരത്തിലെ സമര സ്ഥലത്തെല്ലാം ഇദ്ദേഹം വിവര ശേഖരണത്തിനായി എത്താറുണ്ട്. എന്നിട്ടും ആളുമാറിയത് പൊലീസിന് തന്നെ നാണക്കേടായി.

No comments:

Post a Comment