ആയൂർ-ചുണ്ട തോട് എത്രയും പെട്ടെന്ന് റോഡ് ആക്കണമെന്ന് ആവശ്യപ്പെട്ടു പൊതുജനം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ രാഷ്ട്രീയ ഭേദമന്യേ തെരുവിലിറങ്ങുന്നു..
ഈ വിഷയം അധികാരികളിൽ എത്തിക്കാൻ മഞ്ഞപ്പാറ ഓൺലൈനും ട്രോൾ മഞ്ഞപ്പാറയും ആത്മാർത്ഥമായി പരിശ്രമിച്ചിരുന്നു
മഞ്ഞപ്പാറ വാർഡ് മെമ്പർ അഫ്സൽ മഞ്ഞപ്പാറയുടെ ഫേസ്ബുക് പോസ്റ്റ്….
പ്രിയമുള്ളവരേ….
കഴിഞ്ഞ 16 വർഷമായി തകർന്നു കിടക്കുന്ന ആയൂർ-ചുണ്ട റോഡ് സഞ്ചാരയോഗ്യമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു നാളിതുവരെ പല തരത്തിലുള്ള പ്രതിഷേധങ്ങൾ നാം നടത്തി. കൃത്യം 8 മാസം മുന്നേ ഒരു ജനകീയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയും ചെയ്തു. എന്നാൽ അന്ന് സ്ഥലം എം എൽ എ യും PWD ഉദ്യോഗസ്ഥരും നൽകിയ ഉറപ്പിന്മേൽ സമര പരിപാടികൾ താൽക്കാലികമായി നിർത്തി വെച്ചു. 8 കോടി രൂപ ചിലവിൽ അന്താരാഷ്ട്ര നിലവാരത്തിൽ നമ്മുടെ റോഡ് 2 മാസത്തിനകം നവീകരിക്കും എന്നായിരുന്നു അവർ നൽകിയ ഉറപ്പ്. എന്നാൽ കഴിഞ്ഞ 16 വർഷമായി നമ്മളെ വിഡ്ഢികളാക്കുന്ന ഇക്കൂട്ടർ ഇത്തവണയും നമ്മളെ പറ്റിച്ചു. ജനങ്ങളെ കഴുതകളാക്കി എന്ന് മാത്രമല്ല കുറച്ചു മെറ്റൽ വാരിയിട്ടു യാതൊരു മുന്നൊരുക്കവുമില്ലാതെ ഈ റോഡിലെ കുഴികൾ അടയ്ക്കുന്ന കാഴ്ചയാണ് രണ്ടു ദിവസം മുന്നേ നാം കണ്ടത്. പേരിനു വേണ്ടി അടച്ച കുഴിയിലെ മെറ്റലുകൾ ഇതിനോടകം തന്നെ ഇളകുകയും ടൂ വീലർ യാത്രക്കാർക്ക് ഈ റോഡിലൂടെ വാഹനമോടിക്കാൻ സാധിക്കാത്ത അവസ്ഥയുമായി. 8 കോടി രൂപ അനുവദിച്ച ഈ റോഡിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി ഒരു ദിവസം പോലും നില നിൽക്കാത്ത ഈ കുഴിയടപ്പിലെ അഴിമതിയിലൂടെ എത്ര രൂപ നേതാക്കന്മാരുടെ പോക്കറ്റിലെത്തി???? ഈ അഴിമതിയിലൂടെ നമ്മൾ അടയ്ക്കുന്ന നികുതിപ്പണം ആരൊക്കെ വീതം വെച്ചെടുത്തു????
നമ്മൾ നിർത്തിവെച്ച ജനകീയ സമരം വീണ്ടും ആരംഭിക്കാൻ സമയമായിരിക്കുന്നു. ഇത് പൊതുജനങ്ങളെ മുഴുവനായി ബാധിക്കുന്നതുകൊണ്ടു ഈ സമരത്തിന് യാതൊരുവിധ രാഷ്ട്രീയ മാനവും ഇല്ല.
രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും അഭിപ്രായം മാനിച്ചു കൊണ്ട് ജനങ്ങളെ അണി നിരത്തികൊണ്ടു ഈ വരുന്ന ഞായറാഴ്ച പ്രാരംഭഘട്ടം എന്ന നിലയിൽ മഞ്ഞപ്പാറയിൽ റോഡ് ഉപരോധം സംഘടിപ്പിക്കുകയാണ്. എല്ലാ നല്ലവരായ നാട്ടുകാരുടെയും സഹകരണം പൂർണ്ണമായും പ്രതീക്ഷിക്കുന്നു. ഈ പ്രാരംഭഘട്ട സമരത്തിന് ശേഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുവാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം.
ആയൂർ-ചുണ്ട റോഡിലെ അഴിമതി അന്വേഷിക്കുക..!!
എത്രയും പെട്ടെന്ന് ആയൂർ-ചുണ്ട റോഡ് പുതുക്കി പണിയുക..!!
വികസനത്തിന് തുരങ്കം വെയ്ക്കുന്നവരെ ഒറ്റപ്പെടുത്തുക..!!
No comments:
Post a Comment