Breaking

Wednesday, 29 June 2022

നാവായിക്കുളത്ത് ഗുണ്ടാ വിളയാട്ടം ; ഒരാൾ അറസ്റ്റിൽ



കല്ലമ്പലം: നാവായിക്കുളത്ത് ഗുണ്ടകൾ വിലസുന്നു. നാട്ടുകാർ ഭീതിയിൽ. കഴിഞ്ഞ ആറുമാസമായി ഗുണ്ടകളും സാമൂഹ്യ വിരുദ്ധരും നാവായിക്കുളം ഗവ.ഹയർസെക്കൻഡറി സ്കൂളിനു സമീപം പട്ടാളംമുക്ക് ജംഗ്ഷനിൽ അഴിഞ്ഞാടുന്നതയാണ് നാട്ടുകാരുടെ പരാതി. സ്കൂൾ കുട്ടികളും ഭീതിയിലാണ്. പട്ടാപ്പകൽ പരസ്യ മദ്യപാനം, അസഭ്യം വിളി, അടിപിടി അക്രമം, നടന്നുപോകുന്ന സ്ത്രീകളും വിദ്യാർത്ഥിനികളും കേൾക്കെ അശ്ലീല സംഭാഷണം ഇത് ദിനചര്യയായതുകൊണ്ട് മാന്യമായി ജീവിക്കുന്ന സമീപത്തെ വീടുകളിലെ വീട്ടമ്മമാർക്ക് പുറത്തിറങ്ങൻ പറ്റാത്ത അവസ്ഥയായി. കഴിഞ്ഞ ദിവസം രാവിലെ നടന്ന അസഭ്യം വിളിക്കൊടുവിൽ അക്രമി വൃദ്ധന്റെ പല്ലിടിച്ചു തെറുപ്പിച്ചത് ഞെട്ടലോടെയാണ് ജനം നോക്കി നിന്നത്. സ്ഥിരം കുറ്റവാളിയും ഓട്ടോ ഡ്രൈവറുമായ നാവായിക്കുളം സജീറാ മൻസിലിൽ സജീർ (31) ആണ് കഴിഞ്ഞ ദിവസം അകാരണമായി പ്രകോപിതനകുകയും അസഭ്യം പറഞ്ഞ ശേഷം വൃദ്ധന്റെ പല്ല് ഇടിച്ച് തെറുപ്പിച്ചതും.



 നാവായിക്കുളം മിനി ഭവനിൽ സദാശിവനപിള്ള (73) ആണ് ആക്രമണത്തിന് ഇരയായത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. സജീറിനെ കല്ലമ്പലം പൊലീസ് അറസ്റ്റുചെയ്തു.തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്‌ ചെയ്തു. ഒരാഴ്ച മുൻപ് പട്ടാളം മുക്ക് അൽത്താഫ് ഹോട്ടലിൽ ബൈക്ക് ഇടിച്ചുകയറ്റി ഉടമയായ നാവായിക്കുളം സജീന മൻസിലിൽ സജീവിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിലും ഹോട്ടൽ ജീവനക്കാരനായ അഹദിന്റെ മുഖത്ത് ചൂട് ചായ ഒഴിച്ചതിനും നൈനാംകോണം സ്വദേശി ഷാനിനെതിരെ പൊലീസ് കേസെടുത്തിരുന്നു.ഇയാൾക്ക് കോഴിയിറച്ചി കടം കൊടുക്കാതിരുന്നതിനാലാണ് ആക്രമണത്തിന് മുതിർന്നത്. സമാനമായ നിരവധി കേസുകളാണ് നിത്യേന അരങ്ങേറുന്നത്. നാവായിക്കുളം ശ്രീ ശങ്കര നാരായണ സ്വാമി ക്ഷേത്രത്തിൽ വന്നുപോകുന്ന ഭക്തരുടെ നേരെയും അസഭ്യ വർഷം ചൊരിയുന്നുണ്ട്.പട്ടാളം മുക്ക് ഓട്ടോ സ്റ്റാന്റ് കേന്ദ്രീകരിച്ചാണ് അക്രമങ്ങൾ നടക്കുന്നത്. ഇത് മാന്യമായി ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്ന ഇവിടത്തെ ഓട്ടോ ഡ്രൈവർമാരെയും ബുദ്ധിമുട്ടിലാക്കുന്നു. അക്രമികളെ അമർച്ച ചെയ്യണമെന്നും കല്ലമ്പലം പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

No comments:

Post a Comment