Breaking

Tuesday, 7 June 2022

സാമൂഹിക മാധ്യമങ്ങൾ വഴി സാമ്പത്തിക തട്ടിപ്പ് നടത്തിയ ആൾ കൊല്ലത്ത് പിടിയിൽ.


സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജ അക്കൗണ്ടുകളുണ്ടാക്കി 60 ലക്ഷം രൂപ ഓൺലൈനായി കൊല്ലം സ്വദേശിനിയിൽ നിന്ന് തട്ടിയെടുത്ത കേസിൽ മിസോറാം സ്വദേശി ഡൽഹിയിൽ നിന്ന് കൊല്ലം സിറ്റി സൈബർ പോലീസിന്റെ പിടിയിലായി. 


മിസോറാം ഐസ്വാൾ, ഉത്തംനഗറിൽ താമസിക്കുന്ന ലാൽറാം ചൗന (26)യാണ്  പിടിയിലായത്.



 ആറ് മാസം മുമ്പ് കൊല്ലം നഗരത്തിലെ റിട്ടയേർഡ് തഹസിൽദാറുമായി സാമൂഹിക മാധ്യമങ്ങൾ വഴി പ്രതി സൗഹൃദം സ്ഥാപിച്ച് താൻ വിദേശരാജ്യത്ത് താമസിക്കുന്ന അതിസമ്പന്നനായ വ്യക്തിയാണെന്നും മറ്റുമുള്ള തെറ്റായ വിവരങ്ങൾ പറഞ്ഞ്  വിശ്വസിപ്പിക്കുകയും സാവധാനം ആവലാതിക്കാരിയുടെ വിശ്വാസം പിടിച്ച് പറ്റി കൂടുതൽ ആത്മബന്ധം സ്ഥാപിക്കുകയുമായിരുന്നു. തുടർന്ന് കോടികൾ വില വരുന്ന സമ്മാനം താൻ വിദേശത്ത് നിന്ന് അയക്കുന്നുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ഏതാനും ദിവസങ്ങൾക്കു ശേഷം കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഫോണിൽ ബന്ധപ്പെടുകയും കോടികൾ വിലപിടിപ്പുള്ള സമ്മാനം ആവലാതിക്കാരിയുടെ പേരിൽ വന്നിട്ടുണ്ടെന്നും ആയത് കൈപ്പറ്റാൻ കസ്റ്റംസ് ഡ്യൂട്ടി അടക്കണമെന്നും അറിയിച്ചു. ഇത് വിശ്വസിച്ച് അരക്കോടിയിൽ അധികം തുക പലതവണകളായി വിവിധ  അക്കൗണ്ടുകളിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് ശേഷവും സമ്മാനം ലഭിക്കാത്തതിനാലാണ് തട്ടിപ്പാണെന്ന് മനസ്സിലാക്കി സൈബർ പോലീസുമായി ബന്ധപ്പെട്ടത്. 



 കൊല്ലം സൈബർ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിവന്ന അന്വേഷണത്തിൽ ഇയാളെ ഡൽഹിയിൽ നിന്ന് പിടികൂടുകയായിരുന്നു. ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിരവധി തവണകളായി പണം കൈമാറിയതായി കണ്ടെത്തുകയും ഇത് കൊല്ലം സ്വദേശിനിയുടെ അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്തതാണെന്ന് വ്യക്തമായതോടുകൂടി അറസ്റ്റ് ചെയ്യുകയ്യായിരുന്നു. ഇയാളെ ഡൽഹിയിലെ ദ്വാരക കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് കൊല്ലം ചീഫ് ജ്യുഡീഷണൽ മജിസ്‌ട്രേറ്റ് കോടതിയുടെ ചുമതലയുണ്ടായിരുന്ന ജ്യുഡീഷണൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി-3 ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിച്ച് ഇരകളുടെ വ്യക്തിഗത വിവരങ്ങൾ സാവധാനം മനസിലാക്കി വൈകാരികമായി സമ്മർദ്ദത്തിലാക്കി ആക്കി പണം തട്ടുന്നതാണ് ഇത്തരം സംഘങ്ങളുടെ രീതി.


 

ജില്ലാ പോലീസ് മേധാവി നാരായണൻ റ്റി ഐ.പി.എസിന്റെ നിർദ്ദേശാനുസരണം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കൊല്ലം ക്രൈം ഡിറ്റാച്ച്‌മെന്റ് സക്കറിയ മാത്യു, കൊല്ലം സിറ്റി സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എച്ച്. മുഹമ്മദ് ഖാൻ എന്നിവരുടെ നേതൃത്വത്തിൽ എസ്സ്.ഐ മനാഫ്, എ.എസ്സ്.ഐ നിയാസ്, സിപിഒ സതീഷ്, ജിജോ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

No comments:

Post a Comment