അമ്പൂരി: ജൂൺ ഒന്നിന് വിദ്യാലയങ്ങൾ തുറന്നപ്പോൾ സംസ്ഥാനത്ത് തൂപ്പുജോലിക്കാരായി മാറിപ്പോയ കുറെ അധ്യാപകരുണ്ട്. ആദിവാസികളുൾപ്പെടെയുള്ള പിന്നാക്ക മേഖലകളിൽ നിരവധി പേർക്ക് അക്ഷര വെളിച്ചം പകർന്നവരിൽ 50 പേരാണ് ഇപ്പോൾ സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ തൂപ്പുജോലിക്കാരായി മാറിയത്. മാർച്ച് 31 നാണ് സംസ്ഥാനത്തെ 272 ഏകാധ്യാപക വിദ്യാലയങ്ങൾ അടച്ചത്. ജോലി നഷ്ടപ്പെട്ട 344പേരിൽ (വിദ്യാർഥികളുടെ എണ്ണം കൂടുതലുള്ള സ്കൂളുകളിൽ രണ്ട് അധ്യാപകരുണ്ടാകും) 50 പേർക്കാണ് തൂപ്പുജോലിക്കാരായി സർക്കാർ സ്ഥിര നിയമനം നൽകിയത്.
24 വർഷത്തോളമാണ് അമ്പൂരിയിലെ കുന്നത്തുമലയിൽ ഉഷാകുമാരി ഏകാംഗ അധ്യാപിക ആയിരുന്നത്. മുമ്പ് പഠിപ്പിച്ച് വിട്ട കുട്ടികളുടെ മക്കളെയും അവരുടെ മക്കളെയും പഠിപ്പിക്കാനുള്ള ഭാഗ്യവും ഉഷാകുമാരിക്കുണ്ടായി. കഴിഞ്ഞ ദിവസം തൂപ്പുജോലിക്ക് കയറിയ ഉഷാ കുമാരിക്ക് പക്ഷെ സർക്കാർ പെൻഷൻ ലഭിക്കില്ല. ഇത്രയും കാലം പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ട് നിരവധി ആളുകൾക്ക് വിദ്യാഭ്യാസം നൽകാൻ കഷ്ടപ്പെട്ട ഇവർക്ക് പക്ഷെ ആകെ അഞ്ച് വർഷത്തെ സർവീസ് മാത്രമേ ഇനി അവശേഷിക്കുന്നുള്ളു. കുറഞ്ഞത് 20 വർഷം സർവീസ് ഉള്ളവർക്ക് മാത്രമേ പെൻഷന് അർഹതയുള്ളു. ഇത്രയും കഷ്ടപ്പെട്ട് ജോലി ചെയ്തതിന് പെൻഷൻ കിട്ടുന്ന അവസ്ഥയെങ്കിലും ഉണ്ടാക്കി തരണമെന്ന് മാത്രമാണ് ഇവർ ആവശ്യപ്പെടുന്നത്.
No comments:
Post a Comment