Breaking

Friday, 27 May 2022

ഭാഗ്യവാന്‍ കാണാമറയത്ത്; വിഷുബംപര്‍ അടിച്ചത് ആർക്ക്?




പത്തുകോടിയുടെ വിഷുബംപര്‍ അടിച്ച ഭാഗ്യവാന്‍ ഇപ്പോഴും കാണാമറയത്ത്. നറുക്കെടുപ്പ് നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും ആള്‍ ആരെന്ന് വ്യക്തമല്ല. 90 ദിവസത്തിനകം ടിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ തുക സര്‍ക്കാര്‍ ഖജനാവിലേക്ക് പോകും.




HB727990. പത്തുകോടിയടിച്ച ഈ ഭാഗ്യക്കുറിയുടെ ഉടമയാരെന്നത് അതിന്‍റെ ഉടമയ്ക്ക് മാത്രം അറിയാവുന്ന രഹസ്യം. ഒരാഴ്ചയാകുമ്പോഴും ടിക്കറ്റുമായി ആരും വരാത്ത സാഹചര്യത്തില്‍ ലോട്ടറിയടിച്ച കാര്യം ടിക്കറ്റെടുത്തയാള്‍ അറിഞ്ഞോ എന്നതും സംശയം. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഈ ടിക്കറ്റ് വിറ്റ രംഗനും ലോട്ടറി വകുപ്പും കാത്തിരിപ്പ് തുടരുന്നു. ടിക്കറ്റ് നഷ്ടമായെന്നും നമ്പര്‍ എഴുതിവച്ചത് കയ്യിലുണ്ടെന്നുമൊക്കെ പറഞ്ഞ് പലരും ഇതിനിടെ രംഗനെ സമീപിച്ചിരുന്നു.




ലോട്ടറിയടിച്ചയാള്‍ 30 ദിവസത്തിനകം ടിക്കറ്റുമായെത്തിയാല്‍ തര്‍ക്കമില്ലാതെ ഭാഗ്യക്കുറിവകുപ്പ് പണം നല്‍കും. അതുകഴിഞ്ഞ് 30 ദിവസത്തിനകമാണ് ടിക്കറ്റ് ഹാജരാക്കുന്നതെങ്കില്‍ ജില്ലാ ലോട്ടറി ഓഫിസറെ കാരണം ബോധ്യപ്പെടുത്തണം. 90 ദിവസം വരെയുള്ള ടിക്കറ്റുകള്‍ ലോട്ടറി ഡയറക്ടര്‍ക്ക് പാസാക്കാം. ഇക്കാലയളവില്‍ എവിടെയായിരുന്നു എന്നത് തെളിവുസഹിതം ബോധ്യപ്പെടുത്തേണ്ടിവരും എന്നതടക്കം നൂലാമാലകള്‍ ഏറെ. അതിനാല്‍ ആദ്യ 30 ദിവസത്തിനകം ടിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ ഭാഗ്യവാന്‍ പണം കിട്ടാന്‍ പാടുപെടും. 90 ദിവസം കഴിഞ്ഞും ആരും എത്തിയില്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ വട്ടംകറങ്ങുന്ന സര്‍ക്കാരിന് ലോട്ടറിയടിക്കും. സമീപകാലത്തെങ്ങും ബംപറടിച്ചയാള്‍ പണം വാങ്ങാന്‍ എത്താതിരുന്നിട്ടില്ലെന്ന് ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.



ടിക്കറ്റെടുത്തയാള്‍ എത്താത്തതോടെ അഭ്യൂഹങ്ങളും കനക്കുകയാണ്. കന്യാകുമാരി ജില്ലയിലെ മഞ്ചാലുംമൂട്ടിലുള്ള പാചകക്കാരന്‍ അരുണിനാണ് ബംപറടിച്ചതെന്ന് തമിഴ്നാട്ടില്‍ കഥ പരന്നു. എന്നാല്‍ അന്വേഷിച്ചപ്പോള്‍ ഇത് തെറ്റാണെന്ന് ബോധ്യപ്പെട്ടു.




 പത്തുകോടിയടിച്ച ടിക്കറ്റിന്‍റെ നമ്പരുമായി രണ്ടക്കത്തിന്‍റെ വ്യത്യാസം മാത്രമായിരുന്നു അരുണെടുത്ത ടിക്കറ്റിന്. ഇതാണ് കിംവദന്തി പരക്കാന്‍ കാരണം. ടിക്കറ്റെടുത്തയാള്‍ കടല്‍ കടന്നെന്നും വൈകാതെ മടങ്ങിയെത്തി ടിക്കറ്റ് സമര്‍പ്പിക്കുമെന്നും ചിലര്‍ കരുതുന്നു. ലോട്ടറിയടിച്ചയാള്‍ എത്തിയില്ലെങ്കിലും ഏജന്‍റിന് കമ്മീഷന്‍ തുകയായ ഒരുകോടി 20 ലക്ഷം കിട്ടും.




No comments:

Post a Comment