Breaking

Sunday, 22 May 2022

രാമാനന്ദൻ ചേട്ടന് സഹായവുമായി കോഴിക്കോട് നിന്ന് മഞ്ഞപ്പാറ വാർഡ് മെമ്പറിന് ഫോൺ കോൾ


ചടയമംഗലം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐ  സജീഷ്, ആയുര്‍ മഞ്ഞപ്പാറ സ്വദേശിയായ രാമാനന്ദന്‍ നായരോട് കാട്ടിയ അതിക്രമമാണ് ഇന്നും തീരാത്ത ക്രൂരതയായി അവശേഷിക്കുന്നത്. വൃദ്ധന്‍ പൊലീസിനെതിരെ പരാതി നല്‍കിയപ്പോള്‍ കേസുമായി പൊലീസും പിന്നാലെയെത്തി. പലകുറി കേസ് പിന്‍വലിക്കാന്‍ രാമാനന്ദന്‍ നായര്‍ക്ക് മേല്‍ പൊലീസിന്റെ സമ്മര്‍ദ്ദമുണ്ടായി.



കേസുമായി മുന്നോട്ടുപോയ രാമാനന്ദന്‍ നായര്‍ക്ക് ഇടുക്കിയിലെ ഡെപ്യൂട്ടി പൊലീസ് കാര്യാലയത്തില്‍ നിന്നും ഒരു നോട്ടിസ് വന്നു. ചടയമംഗലം പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ഒന്നരവര്‍ഷത്തിന് ശേഷം, രോഗിയായ 70 പിന്നിട്ട രാമാനന്ദന്‍ ഇടുക്കി വരെ എത്തണമെന്നാണ് നോട്ടിസില്‍ പറയുന്നത്. തനിക്ക് അതിനുള്ള സാമ്പത്തിക സഹായമോ ആരോഗ്യമോ ഇല്ലെന്ന് രാമാനന്ദന്‍ നായര്‍ പറയുന്നു.



വാർഡ് മെമ്പർ അഫ്സലിന്റെ ഫേസ് ബുക്ക് പോസ്റ്റ് 

ഇന്നലെ 24 ന്യൂസ് ഈ വാർത്ത റിപ്പോർട്ട് ചെയ്തതിനു ശേഷം വാർഡ് മെമ്പറായ എന്റെ ഫോണിലേക്കു നിലക്കാതെയുള്ള  കോളുകളുടെ പ്രവാഹമായിരുന്നു.

നാട്ടിലും പ്രവാസ ലോകത്തുമുള്ള അറിയാവുന്നതും അറിയാത്തതുമായ നിരവധി ആളുകൾ. ഈ വാർത്ത പുറം ലോകത്തെത്തിച്ച സലിം മാലിക്കിന് അഭിനന്ദനം അറിയിച്ചും രാമാനന്ദൻ ചേട്ടന്  ഏത് നിയമ സഹായവും ഉറപ്പു നൽകാമെന്നുള്ള നന്മ നിറഞ്ഞ വാക്കുകൾ.


പക്ഷെ എന്നെ ഏറെ അമ്പരപ്പിച്ചത് കോഴിക്കോട് നിന്നും വിളിച്ച ഒരാളായിരുന്നു. എവിടെ നിന്നോ എന്റെ നമ്പർ ചികഞ്ഞെടുത്തു അദ്ദേഹം പറഞ്ഞ കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ എന്നെ അത്ഭുതപ്പെടുത്തി. മൊഴി കൊടുക്കേണ്ട ദിവസം അദ്ദേഹം കോഴിക്കോട് നിന്നും ഞങ്ങളുടെ മഞ്ഞപ്പാറയിലേക്ക് കാറിൽ എത്താമെന്നും രാമാനന്ദൻ ചേട്ടനെയും കൂട്ടി ഇടുക്കിയിൽ പോയി മൊഴി കൊടുക്കാമെന്നും തിരിച്ചു വീട്ടിൽ കൊണ്ട് എത്തിക്കാമെന്നും.. സ്വന്തം അച്ഛന്റെ പ്രായമുള്ള ഒരാളെ ഇത്രയും ക്രൂരമായി ഒരു കാരണവുമില്ലാതെ പോലീസ് മർദിക്കുന്ന വീഡിയോ എത്രത്തോളം അദ്ദേഹത്തിന്റെ മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ടാകും. അതിന്റെ പതിന്മടങ്ങു നൊമ്പരമാണ് ഞങ്ങൾ ഓരോരുത്തർക്കും. മഞ്ഞപ്പാറയിലെ ഓരോ മൺ തരികൾക്കും സുപരിചിതനായ, ആരെ കണ്ടാലും സ്നേഹ സൗമ്യനായി പെരുമാറുന്നു അദ്ദേഹത്തിന് വേണ്ടി  


എന്ത് വില കൊടുത്തും ഈ കേസുമായി ഞങ്ങൾ മുന്നോട്ടു പോകും..


ഇതൊരു നാടിൻറെ പ്രശ്നമാണ്. മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത കേരളത്തിലെ പൊതു സമൂഹത്തിന്റെ പ്രശ്നമാണ്. ഇനിയൊരു അച്ഛനും ഈ അവസ്ഥ വരരുത്. 


ഇതിനെതിരെ ഡി ജി പി യ്ക്ക് ഇന്നലെ തന്നെ പരാതി കൊടുക്കുകയും ബഹുമാനപ്പെട്ട മന്ത്രി ചിഞ്ചു റാണിയെ കാര്യങ്ങൾ ബോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.. രാമാനന്ദൻ ചേട്ടന് നീതി കിട്ടുന്നത് വരെ അദ്ദേഹത്തോടൊപ്പം ഈ നാട് ഒന്നടങ്കം ഉണ്ടായിരിക്കും....



No comments:

Post a Comment