ചെന്നൈ : തമിഴ്‌നാട്ടിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു. ബിജെപി ദളിത് മോർച്ച സൗത്ത് ചെന്നൈ നേതാവ് ബാലചന്ദർ (30) ആണ് കൊല്ലപ്പെട്ടത്.
രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചിന്താരിപ്പെട്ടിൽ വെച്ചാണ് അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. ബാലചന്ദറിന് നേരത്തെ വധഭീഷണി നിലനിന്നിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തിന് പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറുടെ സുരക്ഷയും നൽകിയിരുന്നു. രാത്രി ചിന്താരിപ്പെട്ടിലെ സാമിനായകൻ സ്ട്രീറ്റിൽ സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ച് നിൽക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ സമീപത്തെ കടയിലേക്ക് ചായ കുടിയ്‌ക്കാനായി പോയി. ഈ തക്കം നോക്കിയായിരുന്നു അക്രമി സംഘം എത്തിയത്.
ഇരു ചക്രവാഹനങ്ങളിൽ എത്തിയ അക്രമികൾ അദ്ദേഹത്തെ സുഹൃത്തുക്കളുടെ മുൻപിൽ ഇട്ട് തലങ്ങുംവിലങ്ങും വെട്ടുകയായിരുന്നു. ഇത് തടയാനായി സുരക്ഷാ ഉദ്യോഗസ്ഥൻ ഓടിയെത്തിയതും അക്രമികൾ ബൈക്കുകളിൽ രക്ഷപ്പെട്ടു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. രാഷ്‌ട്രീയ വൈരാഗ്യമാണ് കൊലയ്‌ക്ക് പിന്നിൽ എന്നാണ് നിഗമനം. പ്രതികൾക്കായി പോലീസ് പ്രദേശത്തെ സിസിടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ച് വരികയാണ്.
No comments:
Post a Comment