Breaking

Saturday, 7 May 2022

മകൻ മരിച്ചു - ലോറി ഡ്രൈവർ സ്ഥലം വിട്ടു - പെരുവഴിയിലായി ക്ളീനർ.

 


ഇരിട്ടി: മകൻ മരിച്ചതറിഞ്ഞ് റോഡരികിൽ ലോറി നിർത്തിയിട്ട് ഡ്രൈവർ നാട്ടിലേക്ക് പോയതിനെത്തുടർന്ന് ക്ളീനർ 20 ദിവസമായി പെരുവഴിയിലായി. ആന്ധ്രയിൽ നിന്നും ലോഡുമായി എത്തിയ നാഷണൽ പെർമിറ്റ് ലോറിയുടെ ഡ്രൈവർ തമിഴ്‌നാട് സ്വദേശിയാണ് ഇരിട്ടിയിൽ ലോഡുമായി എത്തിയപ്പോൾ മകൻ മരിച്ച വിവരമറിഞ്ഞ് നാട്ടിലേക്ക് പോയത്.  ആന്ധ്ര രജിസ്‌ട്രേഷനുള്ള നാഷണൽ പെർമിറ്റ് ലോറിയിൽ ക്ളീനറായി ഉണ്ടായിരുന്ന വിജയവാഡ സ്വദേശി എങ്കണ്ണയേയും ലോറി ഏൽപ്പിച്ചാണ് ഡ്രൈവർ  നാട്ടിലേക്കു പോയത്. ഇയാൾ തിരിച്ചുവരാത്തതാണ് രങ്കണ്ണ പെരുവഴിയിലാകാൻ  കാരണമായത്. 



രണ്ടാഴ്ച മുൻപാണ് ആന്ധ്രാ രജിസ്‌ട്രേഷനുള്ള എ പി 16 ടി ജെ 6529 നമ്പർ നാഷണൽ പെർമിറ്റ് ലോറി സിമന്റുമായി ഇരിട്ടിക്ക് സമീപമുള്ള ഒരു ഗോഡൗണിൽ എത്തിയത്. ഇവിടെ ലോഡിറക്കി തിരിച്ചു പോകാൻ തുടങ്ങുമ്പോഴാണ്  മകൻ മരിച്ച വിവരം ഡ്രൈവർക്ക് ലഭിക്കുന്നത്. ഉടനെ കൂടെ ഉണ്ടായിരുന്ന എഴുപതുകാരനായ ക്ളീനർ രങ്കണ്ണയെ താക്കോൽ ഏൽപ്പിച്ച് ഇയാൾ നാട്ടിലേക്കു പോവുകയായിരുന്നു. ഇപ്പോൾ ഇരിട്ടി- കൂട്ടുപുഴ റോഡിൽ കല്ലുമുട്ടിയിലെ പായം പഞ്ചായത്ത് നിർമ്മിക്കുന്ന  വ്യാപാര സമുച്ഛയത്തോട് ചേർന്നാണ് ലോറി നിർത്തിയിട്ടിട്ടുള്ളത്. 



ഇരുപതു ദിവസത്തോളമായി ഇവിടെ കിടക്കുന്ന ലോറിയിൽ ഭാഷയറിയാതെ ഭക്ഷണമില്ലാതെ പെരുവഴിയിലായി കിടക്കുകയാണ് ക്ളീനർ രങ്കണ്ണ. തെലുങ്ക് മാത്രമേ ഇയാൾക്ക് വശമുള്ളൂ. കയ്യിൽ പണമില്ലാതെ ഭക്ഷണവും വെള്ളവുമില്ലാതെ വലഞ്ഞ ഇദ്ദേഹത്തിന്  ഇതിനു സമീപമുള്ള ഹോട്ടലുകാരും കടക്കാരുമാണ് ഭക്ഷണം നൽകുന്നത്. ഇരിട്ടി പോലീസിൽ ചിലർ  വിവരമറിയിച്ചെങ്കിലും പോലീസ് കൈമലർത്തുകയാണ് ചെയ്തതെന്ന് ഇവർ പറഞ്ഞു. തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറുടെ പേരോ ഫോൺ നമ്പറോ ഇയാൾക്കറിയില്ല. ലോറിക്ക് മുകളിൽ ഇതിന്റെ ഉടമസ്ഥൻ എന്ന് കരുതുന്ന രവികിരൺ എന്നയാളുടെ പേരും ഫോൺ നമ്പറുകളും എഴുതി വെച്ചിട്ടുണ്ട്. ഇതിലേക്ക് ചിലർ വിളിച്ചെങ്കിലും രണ്ടു ദിവസം കൊണ്ട് ഡ്രൈവറെ വിടാം എന്ന് പറഞ്ഞിട്ട് ദിവസങ്ങൾ കഴിഞ്ഞെങ്കിലും  ആരും ഇതുവരെ എത്തിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.  പ്രായത്തിന്റെ അവശതകളും മൂന്നാഴ്ചയോളമായി പെരുവഴിയിൽ കിടക്കേണ്ടിവന്ന  മാനസിക പ്രശ്നങ്ങളും മൂലം ദുഖിതനും ക്ഷീണിതനുമാണ് രങ്കണ്ണ. അൻപതിലേറെ ലോറികളുള്ള ലോറി ഉടമസ്ഥൻ ലോറി ഇവിടെ ഉപേക്ഷിച്ച് ഞാൻ നാട്ടിലേക്ക് പോയാൽ എന്തും ചെയ്യാൻ കെൽപ്പുള്ളവനാണെന്നും ആ ഭയത്താലാണ് ഞാൻ ലോറിക്ക് കാവലാളായി ഇവിടെ കഴിയുന്നതെന്നും  രങ്കണ്ണ പറയുന്നു

No comments:

Post a Comment