Breaking

Thursday, 19 May 2022

വയോധികയുടെ മാല കവര്‍ന്ന ശേഷം ഒളിവിലായിരുന്ന യുവാവ് പിടിയില്‍- പിടിയിലായത് നിരവധി മോഷണ കേസുകളിലെ പ്രതി.


വയോധികയുടെ കഴുത്തില്‍ കിടന്ന മാല കവര്‍ച്ച ചെയ്ത യുവാവിനെ പരവൂര്‍ പോലീസ് പിടികൂടി. തിരുവനന്തപുരം ജില്ലയില്‍ ഒറ്റൂര്‍ വില്ലേജില്‍ കല്ലമ്പലം പ്രസിഡന്‍റ് മുക്കിന് സമീപം പാണര്‍ കോളനിയില്‍ പുതുവല്‍വിള വീട്ടില്‍ പ്രകാശ് കുമാര്‍ മകന്‍ കൃഷ്ണകുമാര്‍ (26, താരിഷ്) ആണ് പോലീസ് പിടിയിലായത്. 



ഇക്കഴിഞ്ഞ ജനുവരി 20ന് ഉച്ചയ്ക്ക് പരവൂര്‍ കോട്ടപ്പുറത്താണ് കവര്‍ച്ച നടന്നത്. വീടിനോട് ചേര്‍ന്നുളള കടയില്‍ കച്ചവടത്തിലേര്‍പ്പെട്ട എഴുപത്തിയാറ്കാരിയുടെ കഴുത്തില്‍ കിടന്ന രണ്ടരപവന്റെ  സ്വര്‍ണ്ണമാലയാണ് ഇയാള്‍ അപഹരിച്ചത്. ബൈക്കിലെത്തിയ യുവാക്കളില്‍ ഒരാള്‍ കടയില്‍ കയറി സിഗരറ്റ് ആവശ്യപ്പെട്ടു. സിഗരറ്റ് നൽകി, പണം വാങ്ങി ബാക്കി നല്‍കാന്‍ ശ്രമിച്ച സ്ത്രീയുടെ കഴുത്തില്‍ അടിച്ച് വീഴ്ത്തി ഭയപ്പെടുത്തിയ ശേഷം കഴുത്തില്‍ കിടന്ന സ്വര്‍ണ്ണ മാല കവര്‍ന്നെടുക്കുകയായിരുന്നു. തുടര്‍ന്ന് അവിടെ നിന്നും ബൈക്കില്‍ രക്ഷപ്പെട്ട സംഘം ഇരവിപുരം മാടൻനട ജംഗ്ഷന് സമീപം കടയില്‍ നിന്ന സ്ത്രീയുടെ മാലയും സമാന രീതിയില്‍ കവര്‍ച്ച ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഈ റൂട്ടിലുളള റോഡിലേക്ക് സ്ഥാപിച്ചിരുന്ന സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ രക്ഷപെടാന്‍ ഉപയോഗിച്ച ബൈക്ക് പോലീസ് തിരിച്ചറിയുകയായിരുന്നു. കൊട്ടിയത്തെ സ്വകാര്യ ബാറിന് സമീപം നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബൈക്ക് പോലീസ് കണ്ടെത്തി. തുടര്‍ന്ന് വിരലടയാള വിദഗ്ദരുടെ സഹായത്തോടെ നിരവധി കേസില്‍ പ്രതിയായ യുവാക്കളെ  പോലീസ് തിരിച്ചറിയുകയായിരുന്നു. 



സംഘത്തിലെ ഒരാളെ ജനുവരി 27ന് ആലുവ റെയില്‍വേ സ്റ്റേഷന് സമീപം നിന്നും പോലീസ്  പിടികൂടി. സംഘാഗം പിടിയിലായതറിഞ്ഞ് ഒളിവില്‍ പോയ ഇയാള്‍ തിരികെ നാട്ടിലെത്തിയതായി ജില്ലാ പോലീസ് മേധാവി നാരായണന്‍ റ്റി ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ കല്ലമ്പലത്തിന് സമീപത്തെ വീട്ടില്‍ നിന്നും  പിടിയിലാകുകയായിരുന്നു. 



പരവൂര്‍ ഇന്‍സ്പെക്ടര്‍ എ. നിസാറിന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ നിതിന്‍ നളന്‍, എ.എസ്.ഐ മാരായ പ്രമോദ് വി, രമേഷ്. വി, സിപിഒ മാരായ സായിറാം സുഗുണന്‍, പ്രേംലാല്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

No comments:

Post a Comment