Breaking

Sunday, 29 May 2022

പൂയപ്പള്ളിയില്‍ വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ചസംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിൽ


ഓയൂര്‍: പൂയപ്പള്ളിയില്‍ വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ചസംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. പൂയപ്പള്ളി ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവര്‍ പൂയപ്പള്ളി മേലൂട്ട് വീട്ടില്‍ ബിജു (56) വിനെയാണ് പൂയപ്പള്ളി പൊലീസ്​ അറസ്റ്റ് ചെയ്തത്.


ഭാര്യ അന്നമ്മയെ (52) യാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ പത്തിനായിരുന്നു സംഭവം. വൈകീട്ട് ആറിന് തീപ്പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, 18ന് രാവിലെയാണ്​ മരിച്ചത്. മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ സഹോദരങ്ങള്‍ കൊല്ലം റൂറല്‍ പൊലീസ്​ മേധാവിക്കും കൊട്ടാരക്കര ഡിവൈ.എസ്​.പിക്കും പരാതി നല്‍കിയിരുന്നു.



പൊലീസ്​ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന അന്നമ്മ നല്‍കിയ മൊഴി അവരുടെ പക്കല്‍ നിന്ന്​ കൈയബദ്ധം പറ്റിയെന്നായിരുന്നു. എന്നാല്‍, ആശുപത്രിയില്‍ പരിചരിക്കാന്‍ നിന്ന സഹോദരിമാരോട് ദേഹത്ത് ഭര്‍ത്താവ് ബിജു പെട്രോളൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നെന്ന് പറഞ്ഞിരുന്നു. സംഭവ ദിവസം അന്നമ്മയും ബിജുവും ഇവരുടെ മൂന്ന് വയസ്സുള്ള ചെറുമകനും ബിജുവിന്‍റെ ഓട്ടോയില്‍ കൊല്ലം ക്ഷേമനിധി ഓഫിസില്‍ പോയി.



മടങ്ങിവരുന്നതിനിടെ, ഇയാള്‍ മദ്യം വാങ്ങി. വീട്ടിലെത്തിയശേഷം വൈകീട്ട് അഞ്ചരയോടെ മഴ ചാറിയതിനെത്തുടര്‍ന്ന് വീടിന്‍റെ ടെറസില്‍ കിടന്ന തുണി എടുത്തു കൊണ്ടുവന്ന അന്നമ്മയുടെ കാലില്‍ നിന്ന്​ ചളി ചവിട്ടുപടിയില്‍ പറ്റി. ഇത് ഉടന്‍ കഴുകാന്‍ പറഞ്ഞ് ബിജു ബഹളമുണ്ടാക്കി. കുറച്ചുനേരം കിടന്നിട്ട് ചളി കഴുകിക്കളയാമെന്ന് അന്നമ്മ പറഞ്ഞു.


എന്നാല്‍, അ​​പ്പോള്‍തന്നെ ചളി കഴുകിക്കളയണമെന്ന് വഴക്കുണ്ടാക്കിയ ഇയാള്‍ കുട്ടിയെയും കൂട്ടി ഓട്ടോയില്‍ പോയി പെട്രോള്‍ വാങ്ങിക്കൊണ്ടുവന്നു. ഈ സമയം കിടപ്പുമുറിയില്‍ കട്ടിലില്‍ കിടക്കുകയായിരുന്ന അന്നമ്മയുടെ ദേഹത്ത്​ പെട്രോളൊഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. മിക്കപ്പോഴും ബിജു അതിക്രൂരമായി അന്നമ്മയെ ഉപദ്രവിക്കുമായിരുന്നു. പലപ്പോഴും അന്നമ്മയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച ശേഷം കത്തിക്കുമെന്ന് ഭയപ്പെടുത്താറുണ്ടായിരുന്നു.


പമ്ബ് ജീവനക്കാരും സംഭവ ദിവസം ഇയാള്‍ കുപ്പിയില്‍ പെട്രോള്‍ വാങ്ങിക്കൊണ്ടുപോയതായി പൊലീസില്‍ മൊഴി കൊടുത്തിട്ടുണ്ട്. ഡീസല്‍ ഓട്ടോയുള്ള ഇയാള്‍ എന്തിനാണ് കുപ്പിയില്‍ പെട്രോള്‍ വാങ്ങിയതെന്നും ഫോറന്‍സിക് പരിശോധനയില്‍ പെട്രോളാണ് തീപിടിത്തത്തിന് കാരണെമെന്നും കണ്ടെത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര ഡിവൈ.എസ്.പി സുരേഷിന്‍റെ മേല്‍നോട്ടത്തില്‍ പൂയപ്പള്ളി എസ്​.ഐ അഭിലാഷിന്‍റെ നേതൃത്വത്തില്‍ എസ്​.ഐ. സജി ജോണ്‍, എ.എസ്​.ഐ രാജേഷ്, എസ്​.സി.പി.ഒ.


അനില്‍ കുമാര്‍ എന്നിവരടങ്ങുന്ന പൊലീസ്​ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്നമ്മയുടെ സഹോദരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവന്ന പൊലീസ്​ കഴിഞ്ഞ ഒരാഴ്ചയായി ബിജുവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തതില്‍ പരസ്​പര വിരുദ്ധമായ മൊഴികളാണ് നല്‍കിയത്. ഇയാളുടെയും സാക്ഷിമൊഴികളും തമ്മിലുള്ള വൈരുധ്യവുമാണ് കൊലപാതകം തെളിയിക്കാനിടയാത്. ഒടുവില്‍ താനാണ് ഭാര്യയെ പെട്രോളൊഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്തിയതെന്ന് പൊലീസിനോട് സമ്മതിച്ചതിനെത്തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

No comments:

Post a Comment