എരുമേലി : ഉറക്കം വന്ന് കണ്ണുകൾ ഒരു നിമിഷം അടഞ്ഞപ്പോൾ ഡ്രൈവിങ്ങിൽ മയങ്ങിയത് വൻ അപകടത്തിലേക്ക് എത്തിയെങ്കിലും ഒരു പരിക്കുമില്ലാതെ യാത്രക്കാർ എല്ലാവരും രക്ഷപെട്ടു. ഡ്രൈവിങ്ങിൽ ക്ഷീണം തോന്നിയാൽ അപ്പോൾ തന്നെ വിശ്രമിച്ചില്ലെങ്കിൽ അപകടത്തിലെത്തും എന്നതിന്റെ നേർകാഴ്ച കൂടിയാണ് ഈ സംഭവം.
ഇന്നലെ പുലർച്ചെ മൂന്നിന് എരുമേലി റാന്നി സംസ്ഥാന പാതയിൽ കരിമ്പിൻതോട് ആണ് അപകടം. റോഡിൽ നിയന്ത്രണം വിട്ട കാർ തൊട്ടരികിൽ പൊയ്ക തോട്ടിലേക്ക് പതിക്കുകയായിരുന്നു. റോഡിന്റെ വശങ്ങളിലെ ഇരുമ്പ് കമ്പികൾ ഇടിച്ചു തെറിപ്പിച്ച് താഴ്ചയിലേക്ക് പതിച്ച് ചെറിയ പൊയ്ക തോട്ടിലൂടെ ഉരുണ്ടു പോയ കാർ സാവധാനം നിന്നു. ഒരു കുട്ടി ഉൾപ്പടെ അഞ്ച് പേര് അടങ്ങുന്ന അയ്യപ്പ ഭക്തർ ഉൾപ്പെട്ട സംഘമാണ് കാറിലുണ്ടായിരുന്നത്. തോട് ഉണ്ടെന്ന് വ്യക്തമാക്കുന്ന റിഫ്ളക്ടർ പതിച്ച കലുങ്കിന്റെ കോൺക്രീറ്റ് ബീമിൽ പോലും സ്പർശിക്കാതെയാണ് കാർ തോട്ടിൽ പതിച്ചത്. കഷ്ടിച്ച് ഒരു കാറിന് കടന്നുപോകാവുന്ന സ്ഥലം മാത്രമാണ് കലുങ്കിൽ ഉണ്ടായിരുന്നത്. എതിർവശത്ത് ഒരു വീടാണുള്ളത്.
ഈ വീടിന്റെ മുറ്റത്ത് തോട്ടിലേക്ക് ചെരിഞ്ഞു നിൽക്കുന്ന വാഴയ്ക്ക് ഊന്നായി നാട്ടിയ കമ്പിലും തൊടാതെയാണ് കാർ തെറിച്ചുവീണത്. ഒരൽപം മാറിയിരുന്നെങ്കിൽ തവിടുപൊടിയാകുമായിരുന്നു. കാറിൽ നിന്നും യാത്രക്കാർ ഡോർ തുറന്ന് പുറത്തിറങ്ങിയത് എങ്ങനെ രക്ഷപെട്ടെന്ന അമ്പരപ്പോടെയായിരുന്നു. കുഴപ്പങ്ങളില്ലാതെ ജീവൻ തിരിച്ചു കിട്ടിയത് അദ്‌ഭുതമായി അവശേഷിക്കുന്നു. പുലർച്ചെ സംഭവിച്ച ഈ അപകടത്തിൽ പകച്ചുപോയ യാത്രക്കാർ പുറത്തിറങ്ങി എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രമിച്ച് നിൽക്കുമ്പോൾ എരുമേലി പോലിസ് എത്തിക്കഴിഞ്ഞിരുന്നു. അപകടത്തിന്റെ ഭയാനകമായ ശബ്ദം കേട്ട് ഉറക്കം ഉണർന്ന തൊട്ട് സമീപത്തെ വീട്ടുകാർ ആകട്ടെ വീടിനുള്ളിൽ നിന്നും പുറത്തിറങ്ങാൻ ഭയന്ന് വിഷമിക്കുമ്പോൾ ആയിരുന്നു പോലിസ് എത്തിയത്.
കാറിലെ യാത്രക്കാർക്കും സമീപത്തെ വീട്ടുകാർക്കും ഒരേ പോലെ ധൈര്യം പകർന്ന പോലിസ് യാത്രക്കാരെ പോലിസ് വാഹനത്തിൽ കൂട്ടിക്കൊണ്ട് പോയ ശേഷം മറ്റൊരു വാഹനം എത്തിച്ച് ഇവരെ യാത്രയാക്കി. ഇന്നലെ വൈകുന്നേരത്തോടെ സ്വകാര്യ മിനി ക്രയിൻ യൂണിറ്റ് എത്തിച്ച് കാർ നീക്കി. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തിന് സമീപം രണ്ട് അപകടങ്ങൾ ആണ് സംഭവിച്ചത്. അമിത വേഗതയും അശ്രദ്ധയും തുടർച്ചയായുള്ള ക്ഷീണം വകവെക്കാതെയുള്ള ഡ്രൈവിങ്ങുമാണ് ഈ അപകടങ്ങൾക്ക് കാരണം ആയതെന്ന് എരുമേലി പോലിസ് പറയുന്നു.
No comments:
Post a Comment