Breaking

Thursday, 26 May 2022

ജില്ലയില്‍ വന്‍ ലഹരി വേട്ട എം.ഡി.എം.എയുമായി യുവാക്കള്‍ അറസ്റ്റില്‍.



 കൊല്ലം ജില്ലയില്‍ പിടികൂടിയതില്‍ ഏറ്റവും ഉയര്‍ന്ന അളവ്.


 മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാക്കളെ പോലീസ് പിടികൂടി. തൃക്കരുവ കാഞ്ഞാവേളി വന്‍മള തെക്കേച്ചേരി മാവുമ്മേല്‍ തെക്കതില്‍ സലീം മകന്‍ മുജീബ് (26), തൃക്കരുവ തെക്കേചേരിയില്‍ വന്‍മള മാവുമ്മേല്‍ വീട്ടില്‍ സലിം മകന്‍ മഹീന്‍ (24) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരില്‍ നിന്നും 46.35 ഗ്രാം എം.ഡി.എം.എയും 9.57 ഗ്രാം ഗഞ്ചാവും ആണ് പോലീസ് പിടികൂടിയത്. പാര്‍ട്ടി ഡ്രഗ്ഗ് ആയ എം.ഡി.എം.എ ഇത്രയും ഉയര്‍ന്ന അളവില്‍ ജില്ലയില്‍ പിടിയിലാകുന്നത് ആദ്യമാണ്. കഴിഞ്ഞ കുറേ നാളുകളായി ജില്ലയില്‍ പല സ്ഥലങ്ങളിലും കുറഞ്ഞ അളവില്‍ പാര്‍ട്ടി ഡ്രഗ്ഗ് പിടികൂടിയതിനെ തുടര്‍ന്ന് പോലീസ് ഇതിന്റെ വിതരണ ശൃംഖല തകര്‍ക്കുന്നതിന് വ്യാപകമായ അന്വേഷണത്തിലായിരുന്നു. 



ജില്ലയില്‍ എത്തിച്ച പാര്‍ട്ടി ഡ്രഗ്സ് സ്ക്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും യുവതീ യുവാക്കള്‍ക്കും എത്തിച്ച് നല്‍കുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നും എത്തിക്കുന്ന ലഹരി മരുന്ന് ചില്ലറ വിപണനം നടത്തി വരികയായിരുന്നു ഇവര്‍. ചെറിയ അളവില്‍ ഉപയോഗിച്ചാല്‍ തന്നെ ഒന്നര ദിവസത്തോളം ലഹരി നില്‍ക്കുന്ന പാര്‍ട്ടി ഡ്രഗ്ഗ്സിന് മണമോ മറ്റും ഇല്ലാത്തതാണ് വിദ്യാര്‍ത്ഥികളേയും യുവതി യുവാക്കളേയും ആകര്‍ഷിക്കുന്നത്. 



ഇത് മുതലെടുത്താണ് ഇവര്‍ ആവശ്യകത അനുസരിച്ച് വില നിശ്ചയിച്ച് നല്‍കുന്നത്. വിപണിയില്‍ അഞ്ച് ലക്ഷം രൂപയ്ക്ക് മേല്‍ മതിപ്പ് വിലയുളള എംഡിഎംഎ ആണ് പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി നാരായണന്‍ റ്റി ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ ഡാന്‍സാഫ് ടീമും അഞ്ചാലുംമ്മൂട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്. 



പാന്‍റിന്‍റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ പിടികൂടിയത്. പിടികൂടിയ എം.ഡി.എംഎ സ്ക്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പനയ്ക്കായി എത്തിച്ചതാണെന്ന് യുവാക്കള്‍ പോലീസിനോട് സമ്മതിച്ചു. ജില്ലാ ഡാന്‍സാഫ് ടീമിന്‍റെ ചുമതലയുളള സി ബ്രാഞ്ച് അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍ സക്കറിയ മാത്യൂ, കൊല്ലം അസിസ്റ്റന്‍റ് കമ്മീഷണര്‍ ജി.ഡി വിജയകുമാര്‍ അഞ്ചാലുംമൂട് എസ്.എച്ച്.ഒ നകുല്‍ രാജേന്ദ്രദേശ്മുഖ് ഐ.പി.എസ് എന്നിവരുടെ നേതൃത്വത്തില്‍ അഞ്ചാലുംമ്മൂട് ഇന്‍സ്പെക്ടര്‍ സി.ദേവരാജന്‍, ഡാന്‍സാഫ് എസ്സ്.ഐ ആര്‍. ജയകുമാര്‍, എസ്.ഐമാരായ അനീഷ്.വി, ജയപ്രകാശ്, ബാബുക്കുട്ടന്‍, റഹിം, ഡാന്‍സാഫ് അംഗങ്ങളായ എ.എസ്.ഐ ബൈജൂ ജെറോം, എസ്.സി.പി.ഒ മാരായ സജു, മനു, സീനു, രിപു, രതീഷ്, ലിനു ലാലന്‍ സി.പി.ഒ മാരായ റോസി, ലാലു എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. 




കൊല്ലം സിറ്റി പരിധിയില്‍ അനധികൃത ലഹരി വ്യാപാര മഫിയകള്‍ നിരീക്ഷണത്തിലാണെന്നും വരും ദിവസങ്ങളില്‍ ശക്തമായ സ്പെഷ്യല്‍ പരിശോധനകള്‍ തുടരുമെന്നും പൊതുജനങ്ങള്‍ക്ക് ലഹരി മരുന്ന് ഉപയോഗവും, വിതരണവും സംബന്ധിച്ച വിവരങ്ങൾ  9497980223, 1090, 0474 2742265 എന്നീ നമ്പരുകളില്‍ അറിയിക്കാമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്‍ റ്റി. ഐ.പി.എസ് അറിയിച്ചു.

No comments:

Post a Comment