Breaking

Sunday, 22 May 2022

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർ ചമഞ്ഞ് 22 കാരന്റെ ചികിത്സാ തട്ടിപ്പ്


തിരുവനന്തപുരം: ഡോക്ടറെന്ന വ്യാജേന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കയറി രോഗിയെ ചികിത്സിച്ച് തട്ടിപ്പു നടത്തിയ യുവാവ് പിടിയില്‍. പൂന്തുറ മാണിക്യവിളാകം സ്വദേശി നിഖിലിനെ (22)യാണ് ആശുപത്രി ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. പിജി ഡോക്ടറാണെന്നു പറഞ്ഞ് പത്ത് ദിവസമാണ് ഇയാള്‍ സ്റ്റെതസ്‌കോപ്പ് ധരിച്ച് ആശുപത്രിയില്‍ കഴിഞ്ഞത്.


മെഡിക്കല്‍ കോളജിലെ ഒന്നാം വാര്‍ഡ് മെഡിസിന്‍ യൂണിറ്റില്‍ കാലിനു പരിക്കുപറ്റി ചികിത്സയിൽ കഴിഞ്ഞ വിഴിഞ്ഞം സ്വദേശി റിനുവിനെയാണ് നിഖില്‍ കബളിപ്പിച്ചത്. നേരത്തേയുള്ള പരിചയം മുതലെടുത്ത് റിനുവിനു കൂട്ടിരിക്കാനെന്ന പേരിലാണ് നിഖിൽ ആശുപത്രിയിൽ കയറിക്കൂടിയത്. മാരകമായ രോഗങ്ങളുണ്ടെന്നു പറഞ്ഞു ഭയപ്പെടുത്തി മരുന്നിനും പരിശോധനകള്‍ക്കുമായി റിനുവിന്റെ കൈയില്‍ നിന്ന് നിഖില്‍ പണവും കൈക്കലാക്കി.

ഇയാളുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി കൊണ്ടു പോകുന്നത് നിഖിലായിരുന്നു. രോഗി ഡിസ്ചാര്‍ജാകാതിരിക്കാന്‍ സാമ്പിളുകളില്‍ കൃത്രിമം കാണിക്കുകയും ചെയ്തു. പരിശോധനാ ഫലങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചതോടെ ഡോക്ടര്‍മാര്‍ക്കു സംശയമായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വ്യാജനെ കണ്ടെത്തുകയായിരുന്നു. 


ശനിയാഴ്ച രാവിലെ ഡോ. ശ്രീനാഥും മറ്റു ജീവനക്കാരും ഇയാളെ പിടികൂടി മെഡിക്കല്‍ കോളജ് പൊലീസില്‍ ഏല്‍പ്പിച്ചു. ആള്‍മാറാട്ടത്തിലൂടെ ചികിത്സ നടത്തിയതിന് ഇയാള്‍ക്കെതിരേ ആശുപത്രി ചീഫ് സെക്യൂരിറ്റി ഓഫീസര്‍ നാസറുദ്ദീന്‍ പൊലീസില്‍ പരാതി നല്‍കി. നിഖിലിനെതിരേ ആള്‍മാറാട്ടം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയതായി മെഡിക്കല്‍ കോളജ് സിഐ വ്യക്തമാക്കി.

No comments:

Post a Comment