കൊല്ലം നിലമേലിൽ വിസ്മയ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിന് 10 വർഷം തടവ്. കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജി സുജിത് പി.എൻ ആണ് ശിക്ഷ വിധിച്ചത്. ഓരോ വകുപ്പിനും വെവ്വേറെ ശിക്ഷ വീതം 25 വർഷമാണ് കോടതി തടവിന് വിധിച്ചത്. എന്നാൽ ഒരുമിച്ച് 10 വർഷം ശിക്ഷ അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി.
വിസ്മയാ കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതി കണ്ടത്തിയിരുന്നു. പ്രോസിക്യൂഷൻ ചുമത്തിയ എല്ലാ കുറ്റങ്ങളും കോടതി ശരി വയ്ക്കുകയായിരുന്നു. 304 b – സ്ത്രീധ പീഡനത്തെ ചൊല്ലിയുള്ള മരണം, 306 ാം വകുപ്പ് ആത്മഹത്യാപ്രേരണ, 498 A സ്ത്രീധന പീഡനം, എന്നീ വകുപ്പുകളാണ് ശരിവച്ചത്. തുടർന്ന് ജാമ്യത്തിലായിരുന്ന കിരൺ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കുകയായിരുന്നു.
2019 മെയ് 31 നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. തൊട്ടടുത്ത വർഷം തന്നെ ഭർതൃപീഡനം സഹിക്കവയ്യാതെ 2021 ജൂൺ 21 വിസ്മയ ആത്മഹത്യ ചെയ്തു. വിസ്മയയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് 2021 ജൂൺ 22 ന് കുടുംബം രംഗത്ത് വന്നു. ജൂൺ 22ന് തന്നെ ഭർത്താവ് കിരൺ കുമാർ അറസ്റ്റിലായി. അന്ന് തന്നെ കിരണിനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ജൂൺ 25 വിസ്മയയുടേത് തൂങ്ങിമരണം ആണെന്ന റിപ്പോർട്ട് പുറത്ത് വന്നു. 2021 സെപ്റ്റംബർ 10ന് അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2022 ജനുവരി 10ന് കേസിൽ വിചാരണ ആരംഭിച്ചു. 2022 മാർച്ച് 2ന് കിരൺ കുമാറിന് സുപ്രിംകോടതി ജാമ്യം നൽകി. വിസ്മയ മരിച്ച് പതിനൊന്ന് മാസവും രണ്ട് ദിവസവും പൂർത്തിയാകുന്ന മെയ് 23, 2022 ന് കേസിൽ കിരൺ കുറ്റക്കാരനെന്ന് കണ്ടെത്തിക്കൊണ്ട് അന്തിമ വിധിയും വന്നു.
No comments:
Post a Comment