കൊച്ചി; പ്രശസ്ത തിരക്കഥാകൃത്തും നിർമ്മാതാവുമായ ജോണ്‍ പോള്‍ (72) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമായി മാസങ്ങളായി ചികിത്സയിലായിരുന്നു.ഐവി ശശിയുടെ 'ഞാന്‍, ഞാന്‍ മാത്രം' എന്ന സിനിമക്ക് കഥയെഴുതിക്കൊണ്ടാണ് മലയാള സിനിമയില്‍ തുടക്കമിടുന്നത്. ഭരതന്റെ 'ചാമര'ത്തിനു വേണ്ടി തിരക്കഥയെഴുതിക്കൊണ്ട് തിരക്കഥാ രംഗത്തും സജീവമായി. മലയാളത്തില്‍ പ്രമുഖരായ ഭരതന്‍, ഐ വി ശശി, മോഹന്‍, ഭരത് ഗോപി, പി ജി വിശ്വംഭരന്‍, സത്യന്‍ അന്തിക്കാട് തുടങ്ങി ഒട്ടേറെ സംവിധായകരുടെ സിനിമകള്‍ക്ക് കഥയും, തിരക്കഥയും, സംഭാഷണവും രചിച്ചു. 98 ചിത്രങ്ങള്‍ക്ക് രചയിതാവായി.
എം ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരി എന്ന ചിത്രം നിര്‍മ്മിച്ചു, അതിന് ദേശീയ-സംസ്ഥാന അവാര്‍ഡുകളും കരസ്ഥമാക്കിയിരുന്നു. 2014-ല്‍ ഗ്യാങ്സ്റ്റര്‍, 2017-ല്‍ സൈറാബാനു എന്നീ സിനിമകളില്‍ അഭിനേതാവായും രംഗത്തെത്തി.സ്‌കൂള്‍ അധ്യാപകനായിരുന്ന പുതുശ്ശേരി പി.വി പൗലോസിന്റെയും റബേക്കയുടെയും അഞ്ചുമക്കളില്‍ നാലാമത്തെ മകനാണ് ജോണ്‍ പോള്‍. 1950 ഒക്ടോബര്‍ 29ന് എറണാകുളത്തായിരുന്നു ജനനം. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ഇക്കണോമിക്സില്‍ ബിരുദാനന്തരബിരുദം നേടി. കാനറാ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നെങ്കിലും സിനിമയില്‍ സജീവമായപ്പോള്‍ ജോലി ഉപേക്ഷിക്കുകയായിരുന്നു.
ജോണ്‍ പോളിന്റെ തിരക്കഥയില്‍ നൂറോളം ചിത്രങ്ങള്‍ മലയാളത്തില്‍ ഒരുങ്ങിയിട്ടുണ്ട്. മാക്ട സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി കുടിയായ ജോണ്‍പോള്‍ നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ്. ജോണ്‍ പോള്‍ ഏറ്റവുമധികം തിരക്കഥകള്‍ എഴുതിയത് സംവിധായകന്‍ ഭരതന് വേണ്ടിയായിരുന്നു. ഐവി ശശി, മോഹന്‍, ജോഷി, കെ എസ് സേതുമാധവന്‍, പിഎന്‍ മേനോന്‍, കമല്‍, സത്യന്‍ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ മധു, പിജി വിശ്വംഭരന്‍, വിജി തമ്പി തുടങ്ങി മലയാളത്തിലെ പ്രമുഖ സംവിധായകര്‍ക്ക് ഒപ്പവും ജോണ്‍പോള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
No comments:
Post a Comment